കൊച്ചി: ഉപഭോക്താക്കളെ പൂർണവിശ്വാസത്തിലെടുത്ത് വിൽപ്പനക്കാരോ നിരീക്ഷകരോ ഇല്ലാതെ പനമ്പള്ളി നഗറിൽ സത്യം കട തുറന്നു. ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് കേരളയുടെ ആഭിമുഖ്യത്തിലാണ് പ്രവർത്തനം. പനമ്പിള്ളി നഗറിൽ ട്രസ്റ്റ് റീജിയണൽ ഓഫീസിൽ ആരംഭിച്ച കട സംവിധായകൻ മേജർ രവി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ഫൗണ്ടറും എക്‌സിക്യുട്ടീവ് ഡയറക്ടറുമായ കെ.എൻ. ആനന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. എറണാകുളം ജില്ലാ പ്രസിഡന്റ് രമേശ് മേനോൻ, കോ ഓർഡിനേറ്റർമാരായ കെ.വി. പോൾ, ബേബി കിരീടത്തിൽ എന്നിവർ സംസാരിച്ചു.
സായി ഗ്രാമത്തിൽ നിർമ്മിച്ച ഉത്പന്നങ്ങളാണ് കടയിൽ വില്പനയ്ക്കുണ്ടാവുക. കടയിൽ നിന്നെടുക്കുന്ന സാധനങ്ങളുടെ വില പണപ്പെട്ടിയിൽ നിക്ഷേപിച്ച് ഉപഭോക്താക്കൾക്ക് മടങ്ങാം. ഉപഭോക്താക്കളെ നിരീക്ഷിക്കാനുള്ള ആളുകളോ മറ്റുസംവിധാനങ്ങളോ ഇവിടെയില്ല. ഓരോരുത്തരും അവരുടെ മന:സാക്ഷിയെ വഞ്ചിക്കില്ലെന്നും ആരുടെയും പ്രേരണയില്ലാതെ സമ്മർദ്ദങ്ങളില്ലാതെ സത്യസന്ധമായി പെരുമാറുമെന്നും സംഘാടകർ വിലയിരുത്തുന്നു. രാവിലെ പത്തുമുതൽ വൈകിട്ട് അഞ്ചുവരെയാണ് പ്രവർത്തനസമയം. ശനി, ഞായർ അവധിയാണ്.