ഹർത്താൽ കേസിലെ പ്രതികൾക്ക് മുൻകൂർ ജാമ്യം

കൊച്ചി: സ്വതന്ത്ര സഞ്ചാരത്തിനും വ്യാപാരത്തിനുമുള്ള വ്യക്തികളുടെ മൗലികാവകാശം ഹർത്താലിന്റെ മറവിൽ ആർക്കും തടയാൻ അവകാശമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹർത്താൽ അനുകൂലികൾക്ക് സ്വയം ജോലിയിൽനിന്ന് വിട്ടുനിൽക്കാനും ഒപ്പമുള്ളവരെ അതിനു പ്രേരിപ്പിക്കാനും മാത്രമാണ് കഴിയുക. നിയമം കൈയിലെടുത്ത് വാഹന ഗതാഗതം തടയാനും നിർബന്ധിച്ചു കടകൾ അടപ്പിക്കാനും സ്വാതന്ത്ര്യമില്ല. ശബരിമല പ്രശ്നവുമായി ബന്ധപ്പെട്ട ഹർത്താലിൽ കുന്നംകുളം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. പ്രതികൾക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.

തൃശൂർ പെരുമ്പിലാവ് സ്വദേശി ശങ്കരനാരായണൻ ഉൾപ്പെടെ 24 പേരുടെ ഹർജിയാണ് പരിഗണിച്ചത്. ഇവർ റോഡ് തടഞ്ഞെന്നും കടകൾ അടപ്പിച്ചെന്നുമാണ് കേസ്. തങ്ങളുടെ ഡ്യൂട്ടി തടസപ്പെടുത്തിയെന്നും പൊലീസ് പറയുന്നു. 10 ദിവസത്തിനകം പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരായി ചോദ്യം ചെയ്യലിന് വിധേയരാകണമെന്നും കോടതി നിർദ്ദേശിച്ചു. അറസ്റ്റ് ചെയ്താൽ ഒാരോ പ്രതിക്കും 40,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യവും വ്യവസ്ഥ ചെയ്ത് ജാമ്യം നൽകണം. 15 ദിവസത്തിനകം പ്രതികൾ 3000 രൂപ വീതം മജിസ്ട്രേട്ട് കോടതിയിൽ കെട്ടിവയ്ക്കണം. മൂന്നു മാസത്തേക്ക് എല്ലാ ചൊവ്വാഴ്ചയും രാവിലെ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം.