കോലഞ്ചേരി: കേന്ദ്ര റോഡ് പദ്ധതിയിൽ ആദ്യം പൂർത്തിയാക്കിയ കോലഞ്ചേരി - പുളിച്ചോട്ടികുരിശ് റോഡ് ഇന്നസെന്റ് എം.പി നാടിനു സമർപ്പിച്ചു. കേന്ദ്ര റോഡ് ഫണ്ടിൽ നിന്ന് 16 കോടി അനുവദിച്ചാണ് നിർമ്മാണത്തിന്റെ ആദ്യ ഘട്ടം പൂർത്തിയാക്കിയത് . കോലഞ്ചേരിയുടെ സമഗ്ര വികസനത്തിന് 20 കോടിയുടെ കേന്ദാനുമതിയാണ് ലഭിച്ചത്. ഈ ശൃംഖലയിൽ 5 റോഡുകളാണ് ഉൾപ്പെടുന്നത്. ആധുനിക നിലവാരത്തിലുള്ള ബി.എം ബി.സി. നിലവാരത്തിലുള്ള ടാറിംഗ്, ഓടകൾ, കലുങ്കുകൾ, സംരക്ഷണ ഭിത്തികൾ, റോഡ് ലൈനുകൾ, സിഗ്നലുകൾ, റിഫളക്ടറുകൾ, സ്ഥലനാമസൂചക ബോർഡുകൾ എന്നിവയാണ് നിർമ്മാണത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. എല്ലാ റോഡുകളും ഏപ്രിൽ 30 നകം ടാറിംഗ് പൂർത്തീകരിക്കുമെന്നു ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി പറഞ്ഞു. കക്കാട്ടുപാറയിൽ ചേർന്ന യോഗത്തിൽ പൂത്തൃക്ക പഞ്ചായത്ത് പ്രസിഡണ്ട് ഷിജി അജയൻ അദ്ധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി, ബ്ലോക്ക് പഞ്ചായത്തംഗം എൻ.എൻ. രാജൻ തുടങ്ങിയവർ സംസാരിച്ചു