കൊച്ചി: എറണാകുളം നഗരമദ്ധ്യത്തിൽ മണിക്കൂറുകളോളം ഭീതിപടർത്തി ചെരുപ്പ് ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ ആറു നില കെട്ടിടം പൂർണമായും കത്തിയമർന്നു. സൗത്ത് റെയിൽവേ സ്‌റ്റേഷന് തൊട്ടടുത്തുള്ള ഫാൽക്കൺ ഏജൻസി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഗോഡൗണാണ് കത്തിയത്.
അഞ്ചു മണിക്കൂർ 40ൽ അധികം അഗ്നിശമന യൂണിറ്റുകൾ പ്രവർത്തിച്ചാണ് തീയണച്ചത്. അഞ്ചര മണിക്കൂറിന് ശേഷമാണ് അഗ്നിശമന സേനാംഗങ്ങൾക്ക് കെട്ടിടത്തിനുള്ളിലേക്ക് കയറാനായത്. ഇത്രയും സമയം നഗരം മുൾമുനയിലായിരുന്നു. ആളപായമോ പരിക്കുകളോയില്ല. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് സംശയിക്കുന്നു.
ഇന്നലെ രാവിലെ പതിനൊന്നരയ്‌ക്കാണ് രണ്ടാം നിലയുടെ ഒരു ഭാഗത്ത് തീപടരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ജീവനക്കാർ ബഹളം വച്ച് മറ്റുനിലയിലുള്ളവരെയും വിളിച്ചുകൂട്ടി പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാൽ വൻദുരന്തം ഒഴിവായി.
അതിഭീകരമാംവിധം കറുത്ത പുക അന്തരീക്ഷത്തിലേക്ക് ഉയർന്നു പൊങ്ങിയതോടെ ആളുകൾ പരിഭ്രാന്തരായി ഓടി. നിമിഷങ്ങൾക്കകം നഗരം കറുത്ത പുകയിൽ ഇരുണ്ടു. കൊച്ചി മെട്രോയുടെ ജോലികൾ നടക്കുന്നതിനാൽ കെട്ടിടത്തിനടുത്തേക്ക് തുടക്കത്തിൽ അഗ്നിശമന സേനയുടെ വാഹനങ്ങൾക്ക് കടക്കാനായില്ല. റോഡിലെ തടസങ്ങൾ ജെ.സി.ബി ഉപയോഗിച്ച് നീക്കി വാഹനമെത്തിച്ചപ്പോഴേക്കും അരമണിക്കൂർ വൈകി.
കാറ്റു വീശിയതോടെ പുകപടലങ്ങൾക്കിടയിൽ തീ പടർന്നു കത്തി. തൊട്ടടുത്തുള്ള ഫ്ളാറ്റിലേക്ക് തീ പടരാതിരിക്കാൻ അഗ്നിശമന സേന മുന്നൊരുക്കങ്ങൾ നടത്തി. ഫ്ളാറ്റിലെയും തൊട്ടടുത്ത സ്ഥാപനങ്ങളിലെയും മുഴുവൻ ആളുകളെയും ഒഴിപ്പിച്ചു.
വായു കടക്കാനുള്ള ചെറിയ ദ്വാരങ്ങൾ മാത്രമാണ് കെട്ടിടത്തിന്റെ ചുവരുകൾക്കുണ്ടായിരുന്നത്. പുറമേ ഇരുമ്പു ഷീറ്റുകൾ കൊണ്ടുള്ള കവചവുമുണ്ടായിരുന്നു. അതിനാൽ തുടക്കത്തിൽ കെട്ടിടത്തിനുള്ളിലേക്ക് വെള്ളം ചീറ്റിക്കാനായില്ല. ഷീറ്റുകൾ കത്തിയമർന്ന് എയർഹോളുകൾ കാണാനായപ്പോഴാണ് ഉള്ളിലേക്ക് വെള്ളം ചീറ്റിച്ചത്.
പ്രമുഖ ചെരുപ്പ് ബ്രാൻഡുകളുടെ മൊത്തവിതരണക്കാരാണ് കമ്പനി. കോടികളുടെ നഷ്‌ടം കണക്കാക്കുന്നു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് അഗ്നിശമന സേന അറിയിച്ചു.