കൊച്ചി:അബോധാവസ്ഥയിൽ (കോമ)കഴിയുന്ന വ്യക്തികളുടെ സ്വത്ത് കൈകാര്യം ചെയ്യാൻ അടുത്ത ബന്ധുക്കളിലൊരാളെ രക്ഷാകർത്താവായി നിയമിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഭാര്യയെയോ മക്കളെയോ നിയമപരമായ മറ്റ് അനന്തരാവകാശികളെയോ രക്ഷാകർത്താവായി നിയമിക്കാനായി ഉറ്റ ബന്ധുക്കൾക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും ഡിവിഷൻ ബെഞ്ചിന്റെ വിധിയിൽ പറയുന്നു.
കോമയിൽ കഴിയുന്ന എറണാകുളം മരട് താമരശേരി വീട്ടിൽ ടി. ഗോപാലകൃഷ്‌ണന്റെ ഭാര്യ ശോഭ, മകൻ നവനീത് കൃഷ്‌ണൻ, ഇതേ സ്ഥിതിയിൽ കഴിയുന്ന ഇരുമ്പനം സ്വദേശി ടി.വി വർക്കിയുടെ ഭാര്യ ഷേർളി, മക്കളായ വർഷ, തുഷാര എന്നിവർ നൽകിയ ഹർജികളാണ് പരിഗണിച്ചത്.
ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്നവരുടെ സ്വത്തുക്കൾ സംരക്ഷിക്കാനും കൈകാര്യം ചെയ്യാനും രക്ഷാകർത്താക്കളെ നിയമിക്കാമെന്ന് വിവിധ നിയമങ്ങളിൽ പറയുന്നുണ്ടെങ്കിലും കോമ സ്റ്റേജിലുള്ളവരുടെ കാര്യം പരാമർശിക്കുന്നില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. ഇതിനായി നിയമനിർമ്മാണം നടത്തേണ്ടത് പാർലമെന്റാണ്. നിയമമുണ്ടാക്കുന്നതുവരെ സ്വത്തു കൈകാര്യത്തിനായി 14 മാർഗ നിർദ്ദേശങ്ങളും ഹൈക്കോടതി നൽകി. മരട് സ്വദേശി ഗോപാലകൃഷ്‌ണൻ ജനുവരിയിൽ മരിച്ച സാഹചര്യത്തിൽ ഭാര്യയ്ക്കും മകനും സ്വത്ത് കൈകാര്യം ചെയ്യുന്നതിന് നിയമപരമായ നടപടി സ്വീകരിക്കാം.
ടി.വി. വർക്കിയുടെ കാര്യത്തിൽ ഭാര്യ ഷേർളിയെ രക്ഷാകർത്താവായി നിയോഗിച്ചു.
പ്രധാന ഉപാധികൾ
അബോധാവസ്ഥയിലുള്ളയാളുടെ സ്വത്തുവിവരങ്ങൾ രക്ഷാകർത്താവായി നിയമിക്കപ്പെടേണ്ടവർ നൽകണം. രോഗി കോമ സ്റ്റേജിലാണെന്ന് മെഡിക്കൽ ബോർഡ് ഉറപ്പാക്കണം. രോഗിയെ റവന്യൂ ഉദ്യോഗസ്ഥൻ സന്ദർശിച്ച് കോടതിക്ക് റിപ്പോർട്ട് നൽകണം. രോഗിയുടെ ഭാര്യയെയോ മക്കളിലൊരാളെയോ നിയമപരമായ അനന്തരാവകാശികളെയോ ആരുമില്ലെങ്കിൽ സോഷ്യൽ വെൽഫെയർ ഒാഫീസറെയോ രക്ഷാകർത്താവാക്കാം രോഗിയുടെ വസ്തുവകകളും ബാങ്ക് അക്കൗണ്ടുകളും കൈകാര്യം ചെയ്യാനാണ് നിയമനം. രക്ഷാകർത്താവ് രോഗിയുടെ ഉത്തമ താത്പര്യങ്ങൾ സംരക്ഷിക്കണം. രക്ഷാകർത്താവ് ആറ് മാസത്തിലൊരിക്കൽ ഹൈക്കോടതി രജിസ്ട്രാർ ജനറൽ മുമ്പാകെ എല്ലാ ഇടപാടുകളുടെയും റിപ്പോർട്ട് നൽകണം. വീഴ്ചയുണ്ടായാൽ രക്ഷിതാവിനെതിരെ മാറ്റാം.