മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ ഓലിയിൽ സ്ഥാപിച്ചിരുന്ന കുടിവെള്ള ടാങ്ക് തകർന്നു. നൂറ് കണക്കിന് കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ഓലി പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമായി. പഞ്ചായത്തിലെ മുളവൂർ കുടിവെള്ള പദ്ധതിയിൽ നിന്നുമാണ് പ്രദേശത്തെയ്ക്ക് കുടിവെള്ള വിതരണം നടത്തുന്നത്. മുളവൂർ പള്ളിപ്പടിയിൽ സ്ഥാപിച്ചിരുന്ന ടാങ്കിൽ കുടിവെള്ളമെത്തിച്ചാണ് നേരത്തെ ഓലി പ്രദേശത്തേയ്ക്ക് വിതരണം നടത്തിയിരുന്നത്. എന്നാൽ പഞ്ചായത്തിലെ തന്നെ ഉയർന്ന പ്രദേശങ്ങളിലൊന്നായ ഓലി പ്രദേശത്തേയ്ക്ക് കുടിവെള്ളമെത്തുന്നില്ലന്ന് വ്യാപകമായ പരാതി ഉയർന്നതിനെ തുടർന്നാണ് ഇവിടെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ 10000 ലിറ്റർ സംഭരണ ശേഷിയുള്ള കുടിവെള്ള ടാങ്ക് സ്ഥാപിച്ചത്. ടാങ്കിന്റെ കാലപ്പഴക്കമാണ് തകരാൻ പ്രധാന കരണം.
വേനൽ കനത്തതോടെ പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമായിരുന്നു. ടാങ്ക് തകർന്നതോടെ പ്രദേശവാസികൾ കുടിവെള്ളത്തിനായി നെട്ടോട്ടത്തിലാണ്. മുളവൂർ കുടിവെള്ള സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് പദ്ധതിയുടെ പ്രവർത്തനം നടത്തുന്നത്. മുളവൂർ പുളിക്കച്ചിറയുടെ ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന കിണറിൽ നിന്നും വെള്ളം പമ്പ് ചെയ്ത് മുളവൂർ പള്ളിപ്പടി, ഓലി പ്രദേശങ്ങളിലെ ടാങ്കുകളിൽ വെള്ളമെത്തിച്ച് വിതരണം ചെയ്യുന്നതാണ് പദ്ധതി. ഗുണഭോക്താക്കളിൽ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനം ഉപയോഗിച്ച് വൈദ്യുതി ബിൽ, അറ്റകുറ്റപ്പണി, ജീവനക്കാരുടെ ശമ്പളം അടക്കം നൽകിയയാണ് പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത്. കാലപ്പഴക്കം ചെന്ന പൈപ്പുകൾ തുടരെത്തുടരെ പൊട്ടുന്നത് സമിതിയ്ക്ക് വൻസാമ്പത്തിക ബാദ്ധ്യതയാണ് വരുത്തുന്നത്. ഗ്രാമീണ കുടിവെള്ള പദ്ധതികൾക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിക്കാൻ പാടില്ലന്ന സർക്കാർ നിയമം മുളവൂർ കുടിവെള്ള പദ്ധതിക്ക് തിരിച്ചടിയായിരിക്കുകയാണ്.
കുടിവെള്ള ടാങ്ക് തകർന്നതോടെ പ്രദേശത്തെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാൻ കഴിയാതെ കുടിവെള്ള സംരക്ഷണ സമിതി ഭാരവാഹികൾ കുഴയുകയാണ്. പ്രദേശത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണുന്നതിന് അടിയന്തരമായി പുതിയ ടാങ്ക് സ്ഥാപിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.