കൊച്ചി : ക്രിമിനൽ കേസുകളിലെ ഇരകൾക്ക് നഷ്ടപരിഹാരം നൽകാനുള്ള സ്‌കീം പ്രകാരം പണം നൽകുന്നതിർ വീഴ്ച വരുത്തുന്നെന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണവും റിപ്പോർട്ടും തേടി. വിവരാവകാശ പ്രവർത്തകനായ ഡി.ബി. ബിനു നൽകിയ ഹർജി സമാന വിഷയത്തിൽ നിലവിലുള്ള ഹർജിക്കൊപ്പം പരിഗണിക്കാൻ മാറ്റി. ക്രിമിനൽ നടപടി ചട്ടത്തിലെ വ്യവസ്ഥയനുസരിച്ച് കുറ്റകൃത്യങ്ങൾക്ക് ഇരയായവർക്ക് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നഷ്ടപരിഹാരം നൽകാൻ നടപടിയെടുക്കണം. കേരള ലീഗൽ സർവീസ് അതോറിട്ടി (കെൽസ) മുഖേനയാണ് നഷ്ടപരിഹാരം വിതരണം ചെയ്യുന്നത്. 1.36 കോടി രൂപയുടെ ബിൽ കെൽസ തയ്യാറാക്കിയെങ്കിലും സർക്കാരിന്റെ അനുമതി ലഭിക്കാത്തതിനാൽ ട്രഷറിയിൽ നൽകാൻ കഴിഞ്ഞില്ലെന്നും ഹർജിയിൽ പറയുന്നു.