കൊച്ചി: സി.ബി.എസ്.ഇ സ്‌കൂളുകളിലെ അദ്ധ്യാപകരുടെ അച്ചടക്ക നടപടിയിൽ കേരള വിദ്യാഭ്യാസ നിയമപ്രകാരം നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് ഇടപെടാൻ അധികാരമില്ലെന്ന് ഹൈക്കോടതി ഡിവിഷൻബെഞ്ച് വ്യക്തമാക്കി. ഇത്തരം ഉത്തരവുകൾ പാലിക്കാൻ മാനേജ്മെന്റിന് ബാദ്ധ്യതയില്ല. സമാന വിഷയത്തിൽ വ്യത്യസ്‌ത വിധികൾ നിലവിലുള്ളതിനാൽ സിംഗിൾബെഞ്ചാണ് വിഷയം ഡിവിഷൻബെഞ്ചിന് വിട്ടത്. കട്ടപ്പന സിയോൺ പബ്ളിക് സ്‌കൂളിൽ നിന്ന് പുറത്താക്കിയ അദ്ധ്യാപകരെ തിരിച്ചെടുക്കാൻ ഇടുക്കി ഡി.ഇ.ഒ നൽകിയ ഉത്തരവിനെതിരെ സ്‌കൂൾ മാനേജ്മെന്റും, ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് അദ്ധ്യപകരുമാണ് ഹർജി നൽകിയത്. അതേസമയം ഹർജിക്കാരുടെ മറ്റ് ആവശ്യങ്ങൾ പരിഗണിച്ചു തീർപ്പാക്കാൻ ഹർജികൾ സിംഗിൾബെഞ്ചിന്റെ പരിഗണനയ്‌ക്ക് തിരിച്ചുവിടാനും നിർദ്ദേശിച്ചു.