പെരുമ്പാവൂർ: പ്രളയബാധിത വീടുകളുടെ നഷ്ടം കണക്കാക്കിയതിലെ അപാകത പരിഹരിക്കുക, പ്രളയബാധിതരുടെ പരാതികൾ സ്വീകരിച്ച് പുനരന്വേഷണം നടത്തി അർഹമായ നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൂവപ്പടി പഞ്ചായത്ത് യു.ഡി.എഫ് ജനപ്രതിനിധികളുടെ നേതൃത്യത്തിൽ കൂവപ്പടി വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. മുൻ നിയമസഭാ സ്പീക്കർ പി.പി. തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. പാർലമെന്ററി പാർട്ടി ലീഡർ പി.പി. അൽഫോൻസ് അദ്ധ്യക്ഷത വഹിച്ചു. മുൻ എം.പി കെ.പി. ധനപാലൻ മുഖ്യപ്രഭാഷണം നടത്തി. കേരളകോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബാബു ജോസഫ്, ഡി.സി.സി വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ, പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞുമോൾ തങ്കപ്പൻ, മായ കൃഷ്ണകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
പ്രളയബാധിത വീടുകളുടെ നഷ്ടം കണക്കാക്കിയതിലെ അപാകതയ്ക്കെതിരെ കൂവപ്പടി പഞ്ചായത്തിൽ നിന്നു മാത്രമായി ആയിരത്തോളം അപേക്ഷകൾ കളക്ടറേറ്റിൽ നൽകിയിട്ടും നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നും തുടർ നടപടിയെടുത്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും യു.ഡി.എഫ് ജനപ്രതിനിധികൾ മുന്നറിയിപ്പ് നൽകി.