suresh-gopi

കൊച്ചി: സുരേഷ് ഗോപി എം.പി കൊച്ചി മെട്രോയുടെ ബ്രാൻഡ് അംബാസഡറാകണമെന്ന കെ.എം.ആർ.എൽ എം.ഡിയുടെ ആവശ്യം വിവാദമായതോടെ പിൻവലിച്ചു. ഇന്നലെ കെ.എം.ആർ.എല്ലിന്റെ സി.പി.എസ് ഡാറ്റ അനലറ്റിക്കൽ പ്ലാറ്റ്‌ഫോം പദ്ധതി ഉദ്ഘാടന ചടങ്ങിൽ എം.ഡി എ.പി.എം. മുഹമ്മദ് ഹനീഷാണ് അദ്ധ്യക്ഷപ്രസംഗത്തിനിടെ ഈ ആഗ്രഹം പ്രകടിപ്പിച്ചത്. മറുപടി പ്രസംഗത്തിൽ സുരേഷ് ഗോപി ഈ നിർദ്ദേശം അംഗീകരിക്കുകയും ചെയ്തു.

എന്നാൽ ഇത് വിവാദമായതോടെ മെട്രോയുടെ പദ്ധതികളിൽ സഹകരിക്കാമെന്നാണ് സുരേഷ് ഗോപി സമ്മതിച്ചതെന്നായി കെ.എം.ആർ.എല്ലിന്റെ വിശദീകരണം.
സംഭവം വാർത്തയായതോടെ സമൂഹമാദ്ധ്യമങ്ങളിൽ വലിയ പ്രതിഷേധമുയർന്നു. എന്തടിസ്ഥാനത്തിലാണ് തീരുമാനമെടുത്തതെന്നും ഒരു സംഘപരിവാർ എം.പിയെ കേരള സർക്കാരിന്റെ അഭിമാന പദ്ധതിയുടെ ബ്രാൻഡ് അംബാസിഡറാക്കാനുള്ള തീരുമാനം ഉദ്യോഗസ്ഥതലത്തിലെടുത്തതാണോ അതോ മുഖ്യമന്ത്രി അടക്കമുള്ളവരുടെ അറിവോടെയാണോ എന്നും വി.ടി. ബൽറാം എം.എൽ.എ ഫേസ് ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.

ഔദ്യോഗിക തീരുമാനമൊന്നുമല്ലെന്നും ജനോപകാരപ്രദമായ പദ്ധതികളിൽ സഹകരിക്കാൻ തയ്യാറാണെന്നാണ് സുരേഷ് ഗോപി അറിയിച്ചതെന്നും കെ.എം.ആർ.എൽ ഫേസ്ബുക്ക് പേജിൽ വ്യക്തമാക്കി.