pepper-seeds

കിലോയ്ക്ക് ഇപ്പോൾ കിട്ടുന്ന വില: 300 രൂപ

കൊച്ചി: ഗുണം കുറഞ്ഞ കുരുമുളകിന്റെ ഇറക്കുമതിയും വൻ തോതിലുള്ള കള്ളക്കടത്തും കുരുമുളക് വിലയെ തകർത്തു. മികച്ച ഉത്പാദനം പ്രതീക്ഷിക്കുന്ന സീസണിൽ ഇതുമൂലം ആശങ്കയിലാണ് കർഷകർ. ഇപ്പോൾ കിലോയ്ക്ക് 300 രൂപ മാത്രമാണ് കർഷകർക്ക് ലഭിക്കുന്ന ശരാശരി വില. കറുത്ത പൊന്നെന്ന് കീർത്തികേട്ട കേരളത്തിന്റെ കുരുമുളകിന് അഞ്ചു വർഷത്തിനിടയിലാണ് ഈ കഷ്ടകാലം തുടങ്ങിയത്.

ഒരു ലക്ഷം ടണ്ണോളം കുരുമുളക് ശേഖരം ഇന്ത്യയിലുണ്ട്. അറുപതിനായിരം ടൺ ഉത്പാദനം ഈ വർഷം പ്രതീക്ഷിക്കുന്നു. ഇറക്കുമതി തുടർന്നാൽ രണ്ടു വർഷത്തേക്ക് വില വർദ്ധിക്കില്ലെന്നാണ് സൂചന. വില കുറയാനുമിടയുണ്ട്.

ശ്രീലങ്ക വഴിയാണ് പ്രധാനമായും ഇറക്കുമതി. 18,000 മെട്രിക് ടൺ കുരുമുളക് ഈ വർഷം എത്തി. വിയറ്റ്‌നാം, ഇന്തോനേഷ്യ, ചൈന എന്നിവിടങ്ങളിൽ നിന്ന് നിലവാരം കുറഞ്ഞത് ശേഖരിച്ച് ശ്രീലങ്ക വഴി എത്തിക്കുകയാണ് ഏജൻസികൾ. ഇതിന്റെ ഇരട്ടിയോളം അതിർത്തികളിലൂടെ കടത്തിക്കൊണ്ടു വരുന്നുണ്ടെന്ന് ആൾ ഇന്ത്യ സ്‌പൈസസ് എക്‌സ്‌പോർട്ടേഴ്‌സ് ഫോറം വൈസ് ചെയർമാൻ ചെറിയാൻ സേവ്യർ പറഞ്ഞു.

ഇറക്കുമതി കുരുമുളകിന്റെ കുറഞ്ഞ വില കിലോയ്ക്ക് 500 രൂപയാക്കി കേന്ദ്രം നിശ്ചയിച്ചിട്ടുണ്ട്. ബില്ലിൽ വില കൂട്ടിക്കാണിക്കും. എന്നാൽ ബാങ്കു വഴി ഇടപാട് നടക്കുന്നത് ഇതിന്റെ പകുതിക്കും താഴെ വിലയ്ക്കായിരിക്കും. ഇത് പരിശോധിക്കാൻ സംവിധാനമില്ലാത്തതാണ് ഇറക്കുമതിക്കാർക്ക് അനുഗ്രഹം. പാപ്പുവ ന്യൂഗിനി കേന്ദ്രമായ ലോബിയാണ് ഇറക്കുമതിയും കള്ളക്കടത്തും നിയന്ത്രിക്കുന്നതെന്ന് ഫോറം ഭാരവാഹികൾ പറഞ്ഞു.

ലോകത്തിന് പ്രിയൻ ഇന്ത്യൻ

ലോകത്ത് ഏറ്റവും പ്രിയപ്പെട്ടതും ഗുണനിലവാരമുള്ളതും ഇന്ത്യൻ കുരുമുളകാണ്. കറുത്ത കുരുമുളക് സ്റ്റെറിലൈസ്ഡ്, പൊടിച്ചത്, ഒലിയോറെസിൻ, വോളറ്റൈൽ ഓയിൽ തുടങ്ങിയ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി 120 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു.

പരിഹാരം
1. ഇറക്കുമതിക്ക് സ്‌പൈസസ് ബോർഡ് രജിസ്‌ട്രേഷൻ നിർബന്ധമാക്കിയാൽ ഗുണനിലവാരം പരിശോധിക്കാനാവും

2. കിലോയ്ക്ക് 500 രൂപയെന്ന നിബന്ധന പാലിക്കാൻ ഇറക്കുമതിക്കാർ ബാങ്കിലടച്ച പണം പരിശോധിക്കണം

3. സെൽഫ് ഡിക്ലറേഷൻ, ചാർട്ടേഡ് അക്കൗണ്ടന്റ് സർട്ടിഫിക്കറ്റ് എന്നിവയും നിർബന്ധമാക്കണം

4. അനധികൃത ഇറക്കുമതി തടയാൻ ശ്രീലങ്കയുമായി സർക്കാർ തലത്തിൽ നടപടി സ്വീകരിക്കണം