കൊച്ചി : ഇമാം ഷെഫീഖ് അൽ ഖാസിമി പീഡിപ്പിച്ചെന്ന കേസിൽ ഇരയായ പത്താം ക്ളാസ് വിദ്യാർത്ഥിനിയെ വിട്ടുകിട്ടാൻ അമ്മ നൽകിയ അപേക്ഷ തിരുവനന്തപുരം ജില്ലാ ശിശുക്ഷേമ സമിതി മൂന്നു ദിവസത്തിനകം പരിഗണിച്ച് തീർപ്പാക്കാൻ ഹൈക്കോടതി നിർദേശിച്ചു.
അമ്മ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം. കുട്ടിയെ കാറിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി ഇമാം ഷെഫീഖ് പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടിയെ അധികൃതർ ഷെൽട്ടർ ഹോമിലേക്ക് മാറ്റിയിരുന്നു. പത്താം ക്ളാസ് പരീക്ഷ മാർച്ച് അഞ്ചിന് തുടങ്ങാനിരിക്കുകയാണ്. കുട്ടിക്ക് കുടുംബത്തിന്റെ പിന്തുണ ആവശ്യമുള്ള സമയമാണിതെന്നും കുട്ടിയെ വിട്ടു കിട്ടണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
തുടർന്നാണ് ശിശുക്ഷേമ സമിതിയോട് അമ്മയുടെ അപേക്ഷ പരിഗണിച്ച് തീർപ്പാക്കാൻ നിർദേശിച്ചത്. അതുവരെ അമ്മയ്ക്കും സഹോദരിക്കും മുത്തച്ഛനും മുത്തശ്ശിക്കും എല്ലാ ദിവസവും വൈകിട്ട് അഞ്ചിനും ആറിനുമിടയ്ക്ക് കുട്ടിയെ സന്ദർശിക്കാം. കുട്ടിയുടെ പഠനവും പരീക്ഷയും മുടങ്ങുന്നില്ലെന്ന് ശിശുക്ഷേമ സമിതി ഉറപ്പാക്കണമെന്നും ഹൈക്കോടതി വിധിയിൽ പറയുന്നു.