കൊച്ചി : മിന്നൽ ഹർത്താലിനെത്തുടർന്നുള്ള കോടതിയലക്ഷ്യക്കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് ഉൾപ്പെടെയുള്ളവർ ഇന്നലെ ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി. ഹർത്താലിന് ഏഴ് ദിവസം മുമ്പ് നോട്ടീസ് നൽകണമെന്ന ഉത്തരവിനെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന് ഡീൻ കുര്യാക്കോസ് കോടതിയിൽ ബോധിപ്പിച്ചു.
ഹർത്താലിന് ആഹ്വാനം ചെയ്തവരെ പ്രേരണാക്കുറ്റം ചുമത്തി കേസുകളിൽ പ്രതി ചേർക്കേണ്ടതല്ലേയെന്നും ഹൈക്കോടതി ആരാഞ്ഞു.
ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് മുൻപാകെയാണ് ഇന്നലെ രാവിലെ ഡീൻ കുര്യാക്കോസ്, യു.ഡി.എഫ് കാസർകോട് ജില്ലാ ചെയർമാൻ എം.സി. കമറുദ്ദീൻ, കൺവീനർ എ. ഗോവിന്ദൻ നായർ എന്നിവർ ഹാജരായത്.
ഉത്തരവ് ലംഘിച്ച് ഹർത്താൽ നടത്താൻ കാരണമെന്തെന്ന് കോടതി ആരാഞ്ഞപ്പോഴാണ് ഇതേക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന് ഡീൻ അഭിഭാഷകൻ മുഖേന മറുപടി നൽകിയത്.
ഡീൻ അഭിഭാഷകനല്ലേയെന്ന് ഹൈക്കോടതി ചോദിച്ചു. നിയമം പഠിച്ചെങ്കിലും പ്രാക്ടീസ് ചെയ്യുന്നില്ലെന്ന് അഭിഭാഷകൻ ബോധിപ്പിച്ചു. കേസിൽ മൂവരും എത്രയും വേഗം വിശദീകരണം നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. തുടർന്ന് കോടതിയലക്ഷ്യ ഹർജി മാർച്ച് ആറിന് പരിഗണിക്കാൻ മാറ്റി. ഇവർ മാർച്ച് അഞ്ചിനകം വിശദീകരണം നൽകണം.