kerala-high-court

കൊച്ചി : ഹർത്താലുകളിൽ സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമുണ്ടായ നഷ്ടം കൂടി കണക്കാക്കിയശേഷം നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള ക്ളെയിം കമ്മിഷണറെ നിയമിക്കുന്നത് പരിഗണിക്കാമെന്ന് ഹൈക്കോടതി വാക്കാൽ പറഞ്ഞു. ഹർത്താലിനെതിരെ കേരള ചേംബർ ഒഫ് കൊമേഴ്സ്, മലയാളവേദി തുടങ്ങിയവർ നൽകിയ ഹർജികളും ശബരിമല കർമ്മ സമിതി നടത്തിയ ഹർത്താലിനെതിരെ തൃശൂർ സ്വദേശി ടി.എൻ. മുകുന്ദൻ നൽകിയ ഹർജിയും പരിഗണിച്ച് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഇക്കാര്യം വാക്കാൽ പറഞ്ഞത്.

ഇൗ ഹർജികളിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ്, എം.സി കമറുദ്ദീൻ, എ. ഗോവിന്ദൻ നായർ എന്നിവരെക്കൂടി കക്ഷി ചേർത്തു. ശബരിമല കർമ്മ സമിതി ഭാരവാഹികൾ ഉൾപ്പെടെ എല്ലാ എതിർ കക്ഷികളും മറുപടി സത്യവാങ്മൂലം നൽകണമെന്ന് നിർദ്ദേശിച്ച് ഹർജികൾ മാർച്ച് ആറിന് മാറ്റി.

ഹർത്താലിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ ഹർത്താൽ ആഹ്വാനം ചെയ്തവരെയും പ്രതി ചേർക്കാമെന്ന സുപ്രീം കോടതിയുടെ വിധി സർക്കാരിനു വേണ്ടി ഹാജരായ അഡിഷണൽ എ.ജി രഞ്ചിത്ത് തമ്പാൻ കോടതിയിൽ ബോധിപ്പിച്ചു. ശബരിമല കർമ്മ സമിതിയുടെ ഹർത്താലിലെ അക്രമങ്ങളിൽ 3.35 കോടി രൂപയുടെ നഷ്ടമുണ്ടെന്ന് കെ.എസ്.ആർ.ടി.സിയും ബോധിപ്പിച്ചു.

നഷ്ടം കണക്കാക്കുമ്പോൾ ഹർത്താലുകളെ നേരിടാൻ സർക്കാരിനുണ്ടായ ചെലവു കൂടി കണക്കിലെടുക്കണമെന്ന് ഹൈക്കോടതി വാക്കാൽ പറഞ്ഞു.