കൊച്ചി : മിന്നൽ ഹർത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത എല്ലാ കേസിലും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസിനെ പ്രതി ചേർക്കാൻ അഡി. എ.ജി രഞ്ചിത്ത് തമ്പാൻ സർക്കാരിനും പൊലീസിനും നിയമോപദേശം നൽകി.
കേസുകളിൽ ഡീൻ കുര്യാക്കോസിനെ പ്രതി ചേർത്തിട്ടുണ്ടെന്ന് ഡി.ജി.പി ഉറപ്പാക്കണം. കാസർകോട് ജില്ലയിൽ അന്നേ ദിവസം ഹർത്താൽ പ്രഖ്യാപിച്ച യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.സി കമറുദ്ദീൻ, ജില്ലാ കൺവീനർ എ. ഗോവിന്ദൻ നായർ എന്നിവരെ ജില്ലയിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ പ്രതികളാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ഇക്കാര്യം ഡി.ജി.പിയും കാസർകോട് എസ്.പിയും ഉറപ്പാക്കണം.
ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരെ ജനുവരി മൂന്നിന് നടത്തിയ ഹർത്താലിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ ശബരിമല കർമ്മ സമിതി ഭാരവാഹികൾ, ഹിന്ദു ഐക്യവേദി, ആർ.എസ്.എസ്, ബി.ജെ.പി സംസ്ഥാന ഘടകങ്ങളെയും പ്രതികളാക്കണം.
ഒരാഴ്ചയ്ക്കുള്ളിൽ രണ്ടു ഹർത്താലുകളുടെയും ഉത്തരവാദികളെ പ്രതി ചേർത്ത് റിപ്പോർട്ട് നൽകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ട പ്രകാരം ഫെബ്രുവരി 28 ന് മുമ്പ് റിപ്പോർട്ട് നൽകേണ്ടതുണ്ടെന്നും അഡിഷണൽ എ.ജിയുടെ നിയമോപദേശത്തിൽ പറയുന്നു.
ഹർത്താലുകളിൽ ഉണ്ടായ നാശ നഷ്ടങ്ങളുടെ സമഗ്രമായ വിവരങ്ങൾ ലഭ്യമാക്കണം. ഇക്കാര്യം ഡി.ജി.പി ഉറപ്പു വരുത്തണം.