r-busrg

കൊച്ചി : വിദ്യാർത്ഥികൾക്ക് ബസുകളിൽ നേരിടുന്ന വിവേചനം വ്യക്തമാക്കി കേരള കൗമുദി പ്രസിദ്ധീകരിച്ച വാർത്താ ചിത്രത്തിന്റെ അടിസ്ഥാനത്തിൽ പരിഗണിക്കുന്ന കേസിൽ തൃശൂർ ആർ.ടി.ഒയെ ഹൈക്കോടതി കക്ഷി ചേർത്തു.

ഫെബ്രുവരി 13,14 തീയതികളിലായി തൃശൂർ ആർ.ടി.ഒാഫീസിലെ ഫീൽഡ് ഒാഫീസർമാർ നടത്തിയ പരിശോധനയുടെ റിപ്പോർട്ട് നൽകാനും വിദ്യാർത്ഥികളോട് ക്രമക്കേട് കാട്ടിയെന്ന് കണ്ടെത്തിയ നാലു ബസുകൾക്കെതിരെ സ്വീകരിക്കുന്ന നടപടികൾ വ്യക്തമാക്കാനും ജസ്റ്റിസ് അനിൽ. കെ. നരേന്ദ്രൻ നിർദേശിച്ചു. മാർച്ച് അഞ്ചിന് വിഷയം വീണ്ടും പരിഗണിക്കും. സ്വകാര്യ ബസുകളിൽ സീറ്റുകൾ ഒഴിഞ്ഞുകിടന്നാലും വിദ്യാർത്ഥികൾക്ക് ഇരിക്കാൻ അനുവാദമില്ലെന്ന് വ്യക്തമാക്കുന്ന വാർത്താചിത്രം ഫെബ്രുവരി ഒന്നിന് കേരള കൗമുദി പ്രസിദ്ധീകരിച്ചിരുന്നു. കൺസെഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആൾ കേരള ബസ് ഒാപ്പറേറ്റേഴ്സ് ഒാർഗനൈസേഷൻ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് ഇൗ വാർത്താ ചിത്രം ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സംസ്ഥാനത്ത് വൈറ്റില ഹബ്ബിലുൾപ്പെടെ ബസ് സ്റ്റേഷനുകളിൽ വിദ്യാർത്ഥികൾ ഇത്തരം വിവേചനം നേരിടുന്നുണ്ടോയെന്ന് അറിയിക്കാൻ ഹൈക്കോടതി നിർദേശിച്ചു. കഴിഞ്ഞ ദിവസം ഹർജി പരിഗണനയ്ക്കു വന്നപ്പോൾ സർക്കാർ വിശദീകരണത്തിന് കൂടുതൽ സമയം തേടി.