കൊച്ചി : മിന്നൽ ഹർത്താലുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും തന്നെ പ്രതിയാക്കാനുള്ള അഡി. എ ജിയുടെ നിയമോപദേശം യൂത്ത് കോൺഗ്രസിന്റെ ആത്മവീര്യം തകർക്കാനും കേസ് അട്ടിമറിക്കാനുമുള്ള ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ്. കൃപേഷിൻെറയും ശരത് ലാലിൻെറയും കൊലപാതകത്തോടെ പ്രതിരോധത്തിലായ സി.പി.എം ജനശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും സി.ബി.എെ അന്വേഷിച്ചാലേ യഥാർത്ഥ പ്രതികൾ പിടിക്കപ്പെടൂവെന്നും ഡീൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ജനാധിപത്യരീതിയിലുള്ള പ്രതിഷേധങ്ങൾക്ക് കൂച്ച് വിലങ്ങിട്ടാൽ ശക്തമായി പ്രതിരോധിക്കും. ഇക്കാര്യത്തിൽ പൊതു ചർച്ച ഉയർന്നുവരണം. 2018 ലെ ഹെെക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്തവരിൽ നിന്ന് നഷ്ടം ഈടാക്കാനും പ്രതി ചേർക്കാനും ആണ് ഉദ്ദേശ്യമെങ്കിൽ 15 ഓളം ചെറുതും വലുതുമായ ഹർത്താലുകൾ നടത്തിയ സി.പി.എം നേതാക്കൾക്കെതിരെ ആദ്യം കേസെടുക്കണം. ആഹ്വാനം ചെയ്തവരെ പ്രതിയാക്കേണ്ടതല്ലേയെന്ന ഹെെക്കോടതി പരാമർശം കേസെടുക്കാൻ കോടതി പറഞ്ഞുവെന്ന് തെറ്റായി പ്രചരിപ്പിച്ചതാണ്.
ധീരസ്മൃതി യാത്ര മാർച്ച് 5 ന് തിരുവനന്തപുരത്ത്
കൃപേഷിന്റെയും ശരത് ലാലിന്റെയും ചിതാഭസ്മം വഹിച്ചുകൊണ്ടുള്ള ധീരസ്മൃതിയാത്ര മാർച്ച് ഒന്നിന് കാസർകോട്ട് നിന്ന് പുറപ്പെട്ട് അഞ്ചിന് തിരുവനന്തപുരത്ത് എത്തും. 26ന് കുടുംബ സഹായനിധി ഫണ്ട് ശേഖരണം യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടക്കും. 25 ന് കാസർകോട് എസ്. പി ഓഫീസിലേക്ക് മാർച്ച് നടത്തുമെന്നും ഡീൻ പറഞ്ഞു.