mvpa-576
മുളവൂർ സെൻട്രൽ ജമാഅത്ത് ചന്ദനക്കുടത്തോടനുബന്ധിച്ച് കെ.എ.മുഹമ്മദ് ആസിഫ് കൊടിയേറ്റുന്നു

മൂവാറ്റുപുഴ: മതമൈത്രിയുടെയും സാഹോദര്യത്തിന്റെയും പ്രതീകമായ മുളവൂർ സെൻട്രൽ ജുമാമസ്ജിദിലെ ചന്ദനക്കുട മഹാമഹം ഉറൂസ് മുബാറക്കിന് കൊടിയേറി. ഇന്നലെ രാവിലെ വാരിക്കാട്ട് കവല മസ്ജിദുൽ ഹുദാ പരിസരത്ത് നിന്നാരംഭിച്ച ഘോഷയാത്രയിൽ കുതിര, അറവന, ദഫ് മുട്ട് എന്നിവ അണിനിരന്നു. തുടർന്ന് സെൻട്രൽ ജുമാമസ്ജിദിൽ കെ.എ. മുഹമ്മദ് ആസിഫ് കൊടിയേറ്റിന് നേതൃത്വം നൽകി. വൈകിട്ട് ചെറുവട്ടൂർ നടപ്പുറം മസ്ജിദ് പരിസരത്ത് നിന്നാരംഭിച്ച ചന്ദനക്കുട ഘോഷയാത്ര സെൻട്രൽ ജുമാമസ്ജിദിൽ സമാപിച്ചു. ഇന്ന് രാത്രി തളിപറമ്പ് ഇമാം ബൂസ്വൂരി ഫൗണ്ടേഷൻ അവതരിപ്പിക്കുന്ന ബുർദ്ദ മജ്‌ലിസ് നടക്കും. നാളെ (തിങ്കൾ) ഉച്ചയ്ക്ക് 2.30ന് നടക്കുന്ന മതസൗഹാർദ്ദ സമ്മേളനം മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യും. കെ.എ. മുഹമ്മദ് ആസിഫ് അദ്ധ്യക്ഷത വഹിക്കും. കെ.കെ. യൂനസ് സ്വാഗതം പറയും. അഡ്വ.ജോയ്‌സ് ജോർജ് എം.പി മുഖ്യപ്രഭാഷണം നടത്തും. എം.എൽ.എമാരായ എൽദോ എബ്രഹാം, വി.കെ. ഇബ്രാഹിംകുഞ്ഞ്, ആന്റണി ജോൺ, എൽദോസ് കുന്നപ്പിള്ളി എന്നിവർ സംസാരിക്കും. തുടർന്ന് രാത്രി 8.30ന് മദീന വസന്തം ഇശൽനൈറ്റിന് ഉത്തർപ്രദേശ് അംജദീയ യൂണിവേഴ്‌സിറ്റിയിലെ അഹമ്മദ് മുക്താറിൻ ഹസൻ ജീലാനി നേതൃത്വം നൽകും.


.