കൊച്ചി: കൊച്ചി ബിനാലെ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഓട്ടിസം ബാധിച്ചവർ വരച്ച ചിത്രങ്ങളുടെ പ്രദർശനം ഫോർട്ട്‌കൊച്ചി ദ്രവീഡിയ ഗാലറിയിൽ തുടങ്ങി. 11 വയസ് മുതൽ 32 വയസ് വരെയുള്ള 38 പേർ വരച്ച ചിത്രങ്ങളാണ് ഔട്ട്‌സൈഡ് ആർട്ട് എന്ന പേരിൽ പ്രദർശനത്തിന് വച്ചിരിക്കുന്നത്. മാർച്ച് 3 വരെയാണ് പ്രദർശനം.
സമൂഹത്തിൽ നിന്ന് മാറ്റി നിറുത്തപ്പെട്ടവർക്ക് തങ്ങളുടെ കലാസൃഷ്ടികൾ പ്രദർശിപ്പിക്കാൻ ലഭിക്കുന്ന ഏറ്റവും മികച്ച വേദിയാണിതെന്ന് പരിപാടിയുടെ സംഘാടകരിലൊരാളായ അജയ് വടക്കത്ത് പറഞ്ഞു. ഓട്ടിസം ബാധിച്ച കുട്ടിയുടെ അച്ഛൻ കൂടിയാണ് അജയ്. വിദ്യാലയങ്ങളിൽ കൂടിയല്ലാതെ വന്നവർക്കും കലാസൃഷ്ടിയെ ഗൗരവമായി കാണാൻ കഴിയുമെന്ന സമൂഹത്തെ ബോധ്യപ്പെടുത്തി കൊടുക്കാനും ഇതുവഴി സാധിക്കുമെന്ന് അജയ് പറഞ്ഞു.
കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരിയാണ് സമർപ്പിക്കപ്പെട്ട സൃഷ്ടികളിൽ നിന്ന് 64 ചിത്രങ്ങൾ തിരഞ്ഞെടുത്തത്. സുഗന്ധവ്യഞ്ജന സത്ത് കയറ്റുമതി ചെയ്യുന്ന പ്ലാന്റ് ലിപിഡ്‌സിന്റെ സഹകരണത്തോടെയാണ് കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രദർശനം സംഘടിപ്പിച്ചിട്ടുള്ളത്.
പതിനെട്ട് വയസിൽ മുകളിൽ പ്രായമുള്ള ആർട്ടിസ്റ്റുകളുടെ ചിത്രങ്ങൾ വാങ്ങാനും അവസരമുണ്ടാകും. ഓട്ടിസം ബാധിച്ച കുട്ടികൾക്ക് മരുന്നിനപ്പുറവും നിരവധി ചികിത്സാമാർഗങ്ങൾ ഉണ്ടെന്ന് ലോകത്തോട് പറയുന്നതാണ് ഈ പ്രദർശനങ്ങളെന്ന് ഓട്ടിസം ബാധിച്ചവർക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയായ കലീഡിയോസ്‌കോപ്പിന്റെ സ്ഥാപകൻ അക്ഷയ് ഷെട്ടി പറഞ്ഞു.