പറവൂർ : ആയിരക്കണക്കിന് ചിറ്റാളന്മാരെ വഞ്ചിച്ച് കോടിക്കണക്കിന് രൂപയുമായി മുങ്ങിയ ടി.എൻ.ചി ചിട്ടിക്കമ്പനി ഉടമകളെ കണ്ടെത്താനാകാതെ പൊലീസ് ഇരുട്ടിൽ തപ്പുന്നു. കഴിഞ്ഞ 13 നാണ് ഇരിങ്ങാലക്കുട കേന്ദ്രമായ ചിട്ടി സ്ഥാപനം പൂട്ടി ഉടമകൾ ഒളിവിൽ പോയത്.

നടത്തിപ്പുകാരായ പറവൂർ വടക്കേക്കര കുഞ്ഞിത്തൈ സ്വദേശികളായ തോമസ്, മക്കളായ നെൽസൺ, ടെൽസൺ എന്നിവർക്കെതിരെ നിരവധി സ്റ്റേഷനുകളിൽ കേസെടുത്തിട്ടുണ്ടെങ്കിലും അന്വേഷണം ഇഴയുകയാണ്.

അനുഗ്രഹ എന്ന പേരിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം പിന്നീട് ടി.എൻ.ടി എന്ന് പേര് മാറ്റുകയായിരുന്നു. എറണാകുളം, തൃശൂർ ജില്ലകളിൽ എല്ലാ ശാഖകളും പൂട്ടി. ചിട്ടികളുടെ കാലാവധി കഴിഞ്ഞിട്ടും പണം തിരികെ ലഭിക്കാതെ വന്നതോടെയാണ് നടത്തിപ്പുകാർ മുങ്ങിയത്.

പറവൂർ ഏഴിക്കര സ്വദേശിനിക്ക് ഏഴരലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. അമ്പതിനായിരം മുതൽ നാല് ലക്ഷം വരെ നഷ്ടപ്പെട്ടവരാണ് വിവിധ പൊലീസ് സ്റ്റേഷനുകളിലെ പരാതിക്കാർ.

അണ്ടിപ്പിളളിക്കാവിൽ വടക്കേക്കര പൊലീസ് സ്റ്റേഷന് സമീപത്തായിരുന്നു പ്രധാന ശാഖകളിൽ ഒന്ന്.

ചിട്ടി കമ്പനിയുടെ സാമ്പത്തിക ഇടപാടുകൾ നിയന്ത്രിച്ചിരുന്ന യുവതിയും ഒളിവിൽ പോയി. നേരത്തെ അടച്ചു പൂട്ടിയ ചില ചിട്ടി കമ്പനികളിൽ ഉന്നത പദവി അലങ്കരിച്ചിരുന്ന 'മാഡം എന്നറിയിപ്പെട്ട യുവതിയാണിത്.

ഇവരെ ചോദ്യം ചെയ്താൽ തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തു വരുമെന്ന് ചിറ്റാളർ പറയുന്നു. ഇവരെ കണ്ടെത്താനും പൊലീസിന് കഴിഞ്ഞിട്ടില്ല. ചിട്ടിക്കമ്പനി പൂട്ടി ഒളിവിൽ പോകുന്നതിന് ഉടമകളും പ്രധാനികളും മാസങ്ങൾക്കു മുമ്പ് തയ്യാറെടുപ്പുകളും നടത്തിയിരുന്നത്രെ.