കൊച്ചി : കളമശേരി മെഡിക്കൽ കോളേജ് വിദ്യാർത്ഥിനി ഷംന തസ്നീമിന്റെ മരണത്തിൽ സാക്ഷികളായ വിദ്യാർത്ഥികളുടെ പരീക്ഷയ്ക്ക് കുറ്റാരോപിതനായ ഡോക്ടർ മേൽനോട്ടത്തിന്. ഇന്ന് നടക്കുന്ന എം.ബി.ബി.എസ് അവസാന വർഷത്തിന്റെ പ്രാക്ടിക്കൽ പരീക്ഷയ്ക്കാണ് കുറ്റാരോപിതനായ ഡോക്ടർ ഇന്റേണൽ എക്സാമിനർ ആയെത്തുന്നത്. ഷംനയുടെ ബാച്ചിലെ വിദ്യാർത്ഥികളാണ് പരീക്ഷയെഴുതുന്നത്. ഇതിൽ ഡോക്ടർക്കെതിരെ മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകിയ 5 വിദ്യാർത്ഥികളുമുണ്ട്. ഡോക്ടർ തങ്ങൾക്കെതിരെ പ്രതികാര നടപടിയെടുക്കുമോയെന്ന ആശങ്കയിലാണ് വിദ്യാർത്ഥികൾ.
മെഡിക്കൽ വിദ്യാർത്ഥികളെ സംബന്ധിച്ച് വളരെ പ്രാധാന്യമുള്ളതാണ് ഈ പ്രാക്ടിക്കൽ പരീക്ഷ. പരീക്ഷാ ഹാളിൽ നിൽക്കുന്ന അദ്ധ്യാപകരാണ് മാർക്ക് നിശ്ചയിക്കുന്നത്. പ്രാക്ടിക്കൽ പരീക്ഷയ്ക്ക് റീവാല്യുവേഷനും നടക്കില്ല. പരീക്ഷ വിജയിച്ചാൽ ഹൗസ് സർജൻസിക്ക് ചേരുകയും അത് പൂർത്തിയായാൽ പി.ജി പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കുകയും ചെയ്യാം. തോറ്റുകഴിഞ്ഞാൽ ആറുമാസത്തിന് ശേഷമേ വീണ്ടും ഈ പരീക്ഷയെഴുതാനാവൂ. അങ്ങനെ വന്നാൽ വിദ്യാർത്ഥിക്ക് പി.ജി എൻട്രൻസ് പരീക്ഷയെഴുതാനുള്ള ഒരു അവസരവും പഠനത്തിൽ ഒരു വർഷവും നഷ്ടപ്പെടും.
ഷംനയുടെ മരണത്തിൽ വകുപ്പ് തല അന്വേഷണം വരെ നേരിട്ട ഡോക്ടർ രണ്ട് തവണ സസ്പെൻഷനിലായിട്ടുണ്ട്. എന്നാൽ അകാരണമായി ഡോക്ടറെ പരീക്ഷാചുമതലയിൽ നിന്ന് മാറ്റിയാൽ പരീക്ഷ തന്നെ മുടങ്ങിയേക്കാമെന്നുമാണ് ഔദ്യോഗിക വിശദീകരണം.
2016 ജൂലൈയിലാണ് ഷംന ചികിത്സാപ്പിഴവ് മൂലം മരണപ്പെടുന്നത്. പനിയെ തുടർന്ന് ചികിത്സയിലായിരിക്കെ മരുന്ന് മാറി നൽകിയതാണ് മരണത്തിനിടയാക്കിയത്. ഷംനയുടെ പിതാവ് അബൂട്ടി കഴിഞ്ഞ വർഷം ഒക്ടോബറിലാണ് മരിച്ചത്. ഇതോടെ കേസിന്റെ വേഗത കുറഞ്ഞിട്ടുണ്ടെന്ന ആരോപണത്തിന് ഇടയിലാണ് പുതിയ വിഷയവും ഉടലെടുത്തിരിക്കുന്നത്.
"കോളേജ് പ്രിൻസിപ്പലിൽ നിന്ന് കൃത്യമായ വിശദീകരണത്തോടെ ഇദ്ദേഹത്തെ മാറ്റണമെന്ന് ആവശ്യപ്പെട്ടാൽ മാത്രമേ ചുമതലയിൽ നിന്ന് ഒഴിവാക്കാനാവൂ എന്നതാണ് ചട്ടം. യൂണിവേഴ്സിറ്റിയിൽ ഇദ്ദേഹത്തിനെതിരെ ഒരു കടലാസ് പരാതി പോലുമില്ല "
ഡോ.എം.കെ.സി നായർ
വൈസ് ചാൻസിലർ
കേരള യൂണിവേഴ്സിറ്റി ഒഫ് ഹെൽത്ത് സയൻസസ്
" ജസ്റ്റിസ് കൃഷ്ണയ്യർ മൂവ്മെന്റിന്റെ നേതൃത്വത്തിൽ ഇലക്‌ട്രോണിക് മാധ്യമം വഴി ഈ ഡോക്ടർക്കെതിരെ പരാതി നൽകിയിട്ടുണ്ട്. "
ഡോ. എൻ.കെ സനിൽകുമാർ
വക്താവ്
ജസ്റ്റിസ് കൃഷ്ണയ്യർ മൂവ്മെന്റ്