fire

കൊച്ചി: കാസർകോട് കൊലപാതകത്തിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടുന്നതിന്റെ ഭാഗമായുള്ള അട്ടിമറിയാണ് കൊച്ചി ബ്രഹ്മപുരം മാലിന്യപ്ളാന്റിലെ തീപിടിത്തമെന്ന് പി.ടി.തോമസ് എം.എൽ.എ ആരോപിച്ചു. ബ്രഹ്മപുരം പ്ളാന്റിൽ സംഭവിച്ചതിന്റെ നിജസ്ഥിതി അന്വേഷിക്കണം. മുമ്പ് പല തവണ പ്ളാന്റിൽ തീപിടിത്തം ഉണ്ടായിട്ടുണ്ടെങ്കിലും ഏതെങ്കിലും ഒരു വശത്ത് നിന്നാണ് തീ പടർന്നുപിടിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ നാലുവശത്ത് നിന്നും ഒരു പോലെ തീ പടരുകയായിരുന്നു. ഇതാണ് ദുരൂഹതയ്ക്ക് കാരണമെന്നും പി.ടി. തോമസ് 'ഫ്ളാഷി'നോട് പറഞ്ഞു.

ബലമായ സംശയം

പതിനായിരക്കണക്കിന് ആളുകൾക്ക് ശ്വാസകോശം തകരാറിലാക്കുന്ന ഗുരുതരമായ സംഭവമാണ് ഉണ്ടായിരിക്കുന്നത്. സാധാരണ നിലയിൽ ഒരു ദിവസംകൊണ്ട് ഫയർഫോഴ്സിന് തീ അണയ്ക്കാൻ കഴിയുന്നതാണ്. എന്നാൽ ഇപ്പോൾ ഒരു കാരണവശാലും തീ കെടുത്താൻ കഴിയരുതെന്ന ദുരുദേശ്യത്തോടെ മാദ്ധ്യമശ്രദ്ധ തിരിച്ചുവിടാൻ വേണ്ടിയാണ് തീപിടിത്തം സൃഷ്ടിച്ചതെന്ന് ബലമായി സംശയിക്കേണ്ടിയിരിക്കുന്നു. മാത്രമല്ല സമീപദിവസങ്ങളിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ തീപിടിത്തമുണ്ടായതും ഇവയോട് ചേർത്ത് വായിക്കേണ്ടതാണ്. അട്ടിമറിക്ക് പിന്നിൽ സി.പി.എം ആണെന്ന് പറയുന്നില്ലെന്നും എന്നാൽ സംസ്ഥാനത്ത് സജീവമായിരിക്കുന്ന കൊലപാതകം പോലുള്ള വിഷയങ്ങളിൽ നിന്നുള്ള ശ്രദ്ധതിരിക്കാൻ ബോധപൂർവമായ ശ്രമം നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

12 കോടി പാഴായി

എൽ.ഡി.എഫ് നഗരസഭ ഭരിക്കുമ്പോഴാണ് 12 കോടി ചെലവിൽ ഏറ്റവും ആധുനികമായ മാലിന്യ സംസ്കരണ പ്ളാന്റ് സ്ഥാപിച്ചത്. എന്നാൽ പ്ളാന്റ് ഒരു മാസം പോലും പ്രവർത്തിച്ചില്ല. പ്ളാന്റിന്റെ പ്രവർത്തനം നിലച്ചതിനെ കുറിച്ചോ നിർമാണ അപാകതയെ കുറിച്ചോ ഇതുവരെ ഒരു അന്വേഷണവും നടന്നിട്ടില്ലെന്നും പി.ടി. തോമസ് ആരോപിച്ചു.

ബ്രഹ്മപുരം പ്ളാന്റ്

തൃക്കാക്കര, കൊച്ചി, ആലുവ, കളമശേരി നഗരസഭകളിൽ നിന്നും തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിൽ നിന്നുമുള്ള മാലിന്യമാണ് ബ്രഹ്മപുരം മാലിന്യ പ്ളാന്റിൽ എത്തിക്കുന്നത്. പ്രളയശേഷം എറണാകുളം ജില്ലയ്ക്കകത്തെ വിവിധ പ്രദേശങ്ങളിൽ നിന്നും ജില്ലയ്ക്ക് പുറത്തു നിന്നും മാലിന്യം എത്തിച്ചിരുന്നു. 4 ഏക്കറോളം വ്യാപിച്ചു കിടക്കുന്ന പ്രദേശത്തിന്റെ 2 ഏക്കറോളം വരെ മാലിന്യത്താൽ നിറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഇവിടെ തീപിടിത്തമുണ്ടായത്. മൂന്നുദിവസമെടുത്തു തീ നിയന്ത്രണ വിധേയമാക്കാൻ.