മൂവാറ്റുപുഴ: മാർച്ച് 9,10 തീയതികളിൽ സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ ആലുവ ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന സാസ്‌കാരികോത്സവത്തോടനുബന്ധിച്ച് വിളംബരവും ഒഡീസി നൃത്തവും മൂവാറ്റുപുഴയിൽ അരങ്ങേറി. മൂവാറ്റുപുഴ ഗവ. ടി.ടി.ഐ ഹാളിൽ ഒറീസ ഡാൻസ് അക്കാഡമിയുടെ നർത്തകിയായ ജനഹാബി ബഹ്ര അവതരിപ്പിച്ച ഒഡീസി നൃത്തം ആസ്വാദകർക്ക് നവ്യാനുഭവമായി. അവർ ഒഡീസി നൃത്തത്തിന്റെ പ്രാധാന്യം വിവരിച്ചു. ഇതോടനുബന്ധിച്ച് നടന്ന വിളംബര ഘോഷയാത്ര നഗരം ചുറ്റി ടി.ടി.ഐയിൽ സമാപിച്ചു. തുടർന്ന് നടന്ന സാംസ്‌കാരിക സമ്മേളനം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.ആർ. രഘു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം.ആർ. സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. താലൂക്ക് പ്രസിഡന്റ് ജോസ് കരിമ്പന അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.ടി. ഉലഹന്നാൻ , സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ജോഷ്‌സ്‌കറിയ, ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി സി.കെ. ഉണ്ണി, കെ.പി. രാമചന്ദ്രൻ, പി. അർജുനൻ എന്നിവർ സംസാരിച്ചു.