kerala-uni-info
kerala university

കൊച്ചി: സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലെ പരീക്ഷാ നടത്തിപ്പിനും ഫലപ്രഖ്യാപനത്തിനും ഏകീകൃത സമയക്രമം അനിവാര്യമാണെന്നും ചാൻസലർ കൂടിയായ ഗവർണർ വിഷയത്തിൽ ഇടപെടണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. പരീക്ഷയും ഫലപ്രഖ്യാപനവും വൈകുന്നതിനെതിരെ കേരള ലാ അക്കാഡമി വിദ്യാർത്ഥി ആർഷ സതീശൻ നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ച് നി​ർദ്ദേശം.

സ്റ്റാഫുകളുടെ എണ്ണത്തിലുള്ള കുറവാണ് പരീക്ഷകൾ വൈകാൻ കാരണമായി കേരള സർവകലാശാല ചൂണ്ടിക്കാട്ടിയത്. ആറ് സെമസ്റ്റർ പഠനം പൂർത്തിയാക്കിയ ഹർജിക്കാരിക്ക് മൂന്നു സെമസ്റ്ററിന്റെ പരീക്ഷ മാത്രമേ നടന്നിട്ടുള്ളൂ. സപ്ളിമെന്ററി പരീക്ഷകൾ ഉൾപ്പെടെ വൈകുന്നതും ഇവയുടെ ഫലപ്രഖ്യാപനം അനന്തമായി നീളുന്നതും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. സമയബന്ധിതമായ പരീക്ഷ നടത്തി ഫലം പ്രഖ്യാപിക്കാൻ കേരള സർവകലാശാലയ്ക്ക് നിർദ്ദേശം നൽകണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. തുടർന്നാണ് സർവകലാശാലകളിലെ പരീക്ഷകൾക്ക് ഏകീകൃത സമയക്രമം അനിവാര്യമാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.

വിദ്യാഭ്യാസ വർഷം തുടങ്ങുംമുൻപ് ഇൗ തീയതികൾ നിശ്ചയിക്കണമെന്നും ഇതിൽ ചാൻസലറുടെ നിലപാട് അറിയണമെന്നും സിംഗിൾബെഞ്ച് ചൂണ്ടിക്കാട്ടി. ഹർജി നാളെ വീണ്ടും പരിഗണിക്കും.