മൂവാറ്റുപുഴ: നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി ഡബിൾഡെക്കർ റോഡുകൾ നിർമ്മിക്കണമെന്ന് ജോയിന്റ് കൗൺസിൽ മേഖലാ സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു. എം.സി റോഡ് കടന്നുപോകുന്ന പ്രധാന നഗരമായ മൂവാറ്റുപുഴയിൽ സമീപപട്ടണങ്ങളെ അപേക്ഷിച്ച് വാഹനത്തിരക്ക് വളരെ കൂടുതലാണ്. ഹൈറേഞ്ചിന്റെ കവാട പട്ടണമായതിനാൽ ഇടുക്കി ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്ക്കും ശബരിമല പോലുള്ള തീർത്ഥാടന കേന്ദ്രങ്ങളിലേയ്ക്കും പോകേണ്ടവരുടെ യാത്ര മൂവാറ്റുപുഴ വഴിയായതിനാൽ വാഹനത്തിരക്ക് വിവരണാതീതമാണ്. വാഹനങ്ങളുടെ എണ്ണത്തിൽ വരുന്ന വളർച്ചയ്ക്ക് അനുസൃതമായി പട്ടണത്തിലെ റോഡുകൾ വികസിച്ചിട്ടില്ലാത്തതിനാൽ മൂവാറ്റുപുഴയിൽ അനുഭവപ്പെടുന്ന തിരക്ക് പരിഹരിക്കുവാൻ ഡബിൾ ഡെക്കർ റോഡുകൾ നിർമ്മിക്കുന്നത് അഭികാമ്യവും സ്ഥലമെടുപ്പ് പ്രവർത്തനങ്ങൾ ആവശ്യമില്ലാത്തതുമാണെന്നും സമ്മേളനം സർക്കാരിനെ ഓർമ്മപ്പെടുത്തി.
സമ്മേളനം സംസ്ഥാന സെക്രട്ടറി സുകേശൻ ചൂലിക്കാട് ഉദ്ഘാടനം ചെയ്തു. ആക്ടിംഗ് പ്രസിഡന്റ് അരുൺ പരുത്തിപ്പാറ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എസ്.കെ.എം. ബഷീർ സംഘടനാ റിപ്പോർട്ടും മേഖലാ സെക്രട്ടറി വി.എം. സുഭാഷ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സന്ധ്യാരാജി, ജില്ലാ പ്രസിഡന്റ് വി.കെ. ജിൻസ്, സെക്രട്ടറി ശ്രീജി തോമസ്, ട്രഷറർ കെ.കെ. ശ്രീജേഷ് , ജോയിന്റ് സെക്രട്ടറി കെ.പി. പോൾ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി അരുൺ പരുത്തിപ്പാറ (പ്രസിഡന്റ്), പി.ടി.ഗിരിജാമോൾ, ബി.എൻ. രാജീവ് ( വൈസ് പ്രസിഡന്റുമാർ) അനൂപ്കുമാർ എം.എസ് (സെക്രട്ടറി), സിജോ ആന്റണി, ബേസിൽ വർഗീസ് (ജോ. സെക്രട്ടറിമാർ), സതീഷ് സത്യൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.