മൂവാറ്റുപുഴ: ശാസ്ത്രീയമായ സൗകര്യങ്ങളും പരിശീലനങ്ങളും സംയോജിപ്പിച്ച് റോഡപകടങ്ങളുടെ തോത് കുറക്കലാണ് മോട്ടോർ വാഹന വകുപ്പിന്റെ ലക്ഷ്യമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. ജില്ലയിലെ ആദ്യ ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റ് സെന്റർ, ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ഫിറ്റ്‌നസ് സ്റ്റേഷൻ എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് പ്രതിവർഷം 45000 വാഹന അപകടങ്ങൾ ഉണ്ടാകുന്നുണ്ടെന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ കണക്ക്. ഈ അപകടങ്ങളിലൂടെ പ്രതിവർഷം 4500 പേർ മരണമടയുന്നു. ദിവസേന 13 പേർ എന്ന ക്രമത്തിലാണത്. വാഹന നിയമങ്ങൾ പാലിക്കാതെയുള്ള അശ്രദ്ധമായ ഡ്രൈവിംഗും റോഡുകളിലെ അശാസ്ത്രീയതയുമാണ് ഇതിന് പ്രധാന കാരണം. വാഹന പരിശോധന ശക്തമാക്കിയും നിയമം ലംഘിക്കുന്നവർക്ക് ശിക്ഷ കഠിനമാക്കിയും അപകടങ്ങൾ കുറക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. മണ്ണ് മാറ്റലുമായി ബന്ധപ്പെട്ട ചില സാങ്കേതികത പ്രശ്നങ്ങൾ അവസാനിച്ചാൽ മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷൻ ഉടൻ തന്നെ പ്രവർത്തന സജ്ജമാകുമെന്നും മന്ത്രി പറഞ്ഞു. എൽദോ എബ്രഹാം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
മുൻ എം.എൽ.എ ജോസഫ് വാഴക്കൻ, ട്രാൻസ്‌പോർട്ട് കമ്മീഷണർ സുദേഷ് കുമാർ , പഞ്ചായത്ത് പ്രസിഡന്റുമാരായ വള്ളമറ്റം കുഞ്ഞ്, ലതാ ശിവൻ,എൻ.ജെ. ജോർജ്, പഞ്ചായത്തംഗം മിനി രാജു, പി.കെ. ബാബുരാജ്, അബ്ദുൾ റഹ്മാൻ എന്നിവർ പ്രസംഗിച്ചു. ഡെപ്യൂട്ടി ട്രൻസ്‌പോർട്ട് കമ്മീഷണർ ഷാജി ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു. ജോയിന്റ് ട്രാൻസ്‌പോർട്ട് കമ്മീഷണർ വി.സുരേഷ് കുമാർ സ്വാഗതവും ആർ.ടി.ഒ റെജി.പി.വർഗീസ് നന്ദിയും പറഞ്ഞു.