കൊച്ചി : യുവനടിയെ ആക്രമിച്ച് അശ്ളീല ദൃശ്യം പകർത്തിയ കേസിന്റെ വിചാരണച്ചുമതല എറണാകുളത്തെ പ്രത്യേക സി.ബി.ഐ കോടതി ജഡ്‌ജി ഹണി വർഗീസിന് നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. വിചാരണയ്ക്ക് പ്രത്യേക കോടതിയും വനിതാ ജഡ്‌ജിയും വേണമെന്നാവശ്യപ്പെട്ട് പീഡനത്തിനിരയായ നടി നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്റെ വിധി.
വിചാരണ നിലവിൽ സി.ബി.ഐ കോടതി പരിഗണിക്കുന്ന കേസുകളെ ബാധിക്കരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഇതോടെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ പരിഗണനയിലുള്ള കേസ് സി.ബി.ഐ കോടതിയിലേക്ക് മാറും. വാദം കേൾക്കുന്നതിനെക്കുറിച്ച് സി.ബി.ഐ കോടതി ജഡ്ജിയുടെ റിപ്പോർട്ട് ഹൈക്കോടതി നേരത്തേ തേടിയിരുന്നു. മാർച്ച് മുതൽ പുതിയ കേസുകൾ നിശ്ചയിച്ചു നൽകിയിട്ടില്ലെന്നായിരുന്നു ജഡ്‌ജിയുടെ മറുപടി. ഇതു കൂടി കണക്കിലെടുത്താണ് വിചാരണച്ചുമതല ഹണി വർഗീസിന് നൽകിയത്.
വനിതാ ജഡ്‌ജി വേണമെന്ന ആവശ്യത്തിന്റെ പേരിൽ വിചാരണ എറണാകുളം ജില്ലയ്ക്ക് പുറത്തേക്ക് മാറ്റുന്നതിനെ പ്രതികളായ പൾസർ സുനിയും നടൻ ദിലീപും എതിർത്തു. പീഡനക്കേസുകളുടെ വിചാരണയ്‌ക്ക് പ്രത്യേക കോടതി അനുവദിക്കാമെന്ന ക്രിമിനൽ നടപടി ചട്ടത്തിലെ വ്യവസ്ഥയും സുപ്രീംകോടതി വിധിയും അടിസ്ഥാനമാക്കിയാണ് നടിയുടെ ആവശ്യമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത് അംഗീകരിച്ചാൽ ഒട്ടേറെ കേസുകളിൽ ഇരകൾ സമാന ആവശ്യവുമായി കോടതിയിലെത്തുമെന്ന് ദിലീപിന്റെ അഭിഭാഷകൻ പറഞ്ഞു. ഇരകൾക്ക് അങ്ങനെയൊരു ആവശ്യമുണ്ടെങ്കിൽ അവർ വരട്ടേയെന്നും ഹർജികൾ നിയമപരമായി പരിഗണിക്കുമെന്നും കോടതി മറുപടി നൽകി.
നടിയുടെ കേസിന് പ്രത്യേക പ്രാധാന്യം നൽകേണ്ടതില്ലെന്ന് ദിലീപിന്റെ അഭിഭാഷകൻ വാദിച്ചപ്പോൾ, ഇൗ കേസിന് പ്രത്യേകതകളുണ്ടെന്നും ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ വിചാരണ നടപടികൾ അനന്തമായി വൈകിപ്പിക്കാൻ ശ്രമിക്കുകയാണെന്നും സർക്കാർ അഭിഭാഷകൻ ബോധിപ്പിച്ചു. പ്രതികൾ ഒാരോരുത്തരായി ഹർജികളുമായി വരികയാണ്. സുപ്രീംകോടതിയിലുള്ള കേസ് പോലും പ്രതികൾ മാറ്റിവയ്പിക്കുന്നു. ഇങ്ങനെ വിചാരണ വൈകിപ്പിക്കാനാണ് ശ്രമമെന്നും സർക്കാർ അഭിഭാഷകൻ വാദിച്ചു. തുടർന്ന്, നടിയുടെ ഹർജിയിൽ കക്ഷി ചേരാൻ ദിലീപും പൾസർ സുനിയും നൽകിയ അപേക്ഷകൾ പരിഗണിക്കുന്നില്ലെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കി.
കേസ് ഇങ്ങനെ
2017 ഫെബ്രുവരി 17ന് തൃശൂരിൽ നിന്ന് ഷൂട്ടിംഗിനായി കൊച്ചിയിലേക്ക് വന്ന യുവനടി ആക്രമണത്തിനിരയായി
നടി സഞ്ചരിച്ചിരുന്ന വാഹനം പൾസർ സുനിയുടെ നേതൃത്വത്തിൽ തടഞ്ഞ് ആക്രമിച്ച് അശ്ളീല ദൃശ്യങ്ങൾ പകർത്തിയെന്നാണ് കേസ്
11 പ്രതികളുള്ള ഇൗ കേസിൽ പൾസർ സുനിയാണ് ഒന്നാം പ്രതി
ഗൂഢാലോചനക്കേസിലാണ് നടൻ ദിലീപ് 8-ാം പ്രതിയായത്