കൊച്ചി : യുവനടിയെ ആക്രമിച്ച കേസിൽ എറണാകുളം, പാലക്കാട്, തൃശൂർ ജില്ലകളിൽ വനിതാ ജഡ്ജിമാരെ വിചാരണയ്ക്ക് ലഭിക്കുമോയെന്ന് ഹൈക്കോടതി പരിശോധിച്ചിരുന്നു. ഇവർ മറ്റു കേസുകളുടെ തിരക്കിലാണെന്ന് വിലയിരുത്തിയാണ് സി.ബി.ഐ കോടതി ജഡ്‌ജിയെ വിചാരണച്ചുമതല ഏല്പിക്കുന്നത്.
ഹൈക്കോടതി നിർദ്ദേശിച്ചാൽ പ്രത്യേക കോടതിക്കുള്ള സൗകര്യങ്ങൾ ഒരുക്കാമെന്ന് നേരത്തേ സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചിരുന്നു.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കഴിഞ്ഞ ജനുവരി 29 ന് കേസ് മാർച്ച് ആറിന് പരിഗണിക്കാൻ മാറ്റിയതാണ്. നിർണായക തെളിവായ ദൃശ്യങ്ങളുടെ പകർപ്പ് വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. കൂടാതെ നടിയുടെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുള്ളതും കണക്കിലെടുത്താണ് കേസ് അന്ന് മാറ്റിയത്. നടിയുടെ ഹർജിയിൽ തീരുമാനമായി. ഇനി സുപ്രീംകോടതിയിലെ ഹർജിയാണ് നിലവിലുള്ളത്.
താരങ്ങൾ കക്ഷി ചേരാനെത്തി, പിന്മാറി
വനിതാ ജഡ്ജിയും പ്രത്യേക കോടതിയും വേണമെന്നാവശ്യപ്പെട്ട് ഇര നൽകിയ ഹർജിയിൽ കക്ഷി ചേരാൻ താരസംഘടനയായ അമ്മയിലെ എക്സിക്യൂട്ടിവ് അംഗങ്ങളായ ഹണി റോസും രചനാ നാരായണൻ കുട്ടിയും ഹൈക്കോടതിയിൽ അപേക്ഷ നൽകിയിരുന്നു. സ്വന്തം നിലയ്ക്ക് കേസ് നടത്താനാവുമെന്നും ആരുടെയും പിന്തുണ വേണ്ടെന്നുമായിരുന്നു ഇരയായ നടിയുടെ നിലപാട്. ഇതിനെത്തുടർന്ന് ഇവർ പിൻവാങ്ങി. കേസിൽ വാദം അന്തിമ ഘട്ടത്തിലെത്തിയപ്പോഴാണ് എറണാകുളം ജില്ലയ്ക്ക് പുറത്തേക്ക് കേസ് മാറ്റരുതെന്ന ആവശ്യവുമായി പ്രതികളായ പൾസർ സുനിയും നടൻ ദിലീപും ഹൈക്കോടതിയെ സമീപിച്ചത്. ഇവരുടെ വാദങ്ങൾ കണക്കിലെടുക്കാതെയാണ് സിംഗിൾബെഞ്ച് വിധി.