trivandrum-airport-
Trivandrum Airport

കൊച്ചി: തിരുവനന്തപുരം എയർപോർട്ടിന്റെ സ്വകാര്യവത്കരണം നയതീരുമാനമാണെന്നും ഇതുൾപ്പെടെ ആറ് വിമാനത്താവളങ്ങൾ പാട്ടത്തിന് നൽകുന്നതിനുള്ള ലേലം നടപടിക്രമം പാലിച്ചാണെന്നും കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. തിരുവനന്തപുരം എയർപോർട്ട് സ്വകാര്യവത്കരിക്കുന്നതിനെതിരെ കൊല്ലം സ്വദേശി ജി. മഹേഷ്, പന്തളം സ്വദേശി ആഷിഖ് നിസാർ എന്നിവർ നൽകിയ ഹർജിയിലാണ് കേന്ദ്ര സർക്കാർ വിശദീകരണം.

എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യ നിയമത്തിലെ വ്യവസ്ഥയനുസരിച്ച് പാട്ടത്തുക നിശ്ചയിക്കുന്നത് ലേലം നടത്തിയാണ്. ലേലത്തുക ഉറപ്പിച്ച് ലെറ്റർ ഒഫ് അവാർഡ് നൽകും മുമ്പ് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം വാങ്ങണമെന്ന് നിർദേശിച്ചെന്നും നവംബർ എട്ടിനാണ് കേന്ദ്ര മന്ത്രിസഭാ യോഗം എയർപോർട്ടുകളുടെ സ്വകാര്യവത്കരണത്തിന് തീരുമാനം എടുത്തതെന്നും കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. വിശദീകരണത്തെത്തുടർന്ന് ലേല നടപടികൾ സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. ഹർജി പിന്നീടു പരിഗണിക്കാൻ മാറ്റി.