സർക്കാർ നടപടി തെറ്റായ സന്ദേശമെന്ന് ഹൈക്കോടതി
കൊച്ചി: പൊതുപണിമുടക്ക് ദിനങ്ങളായിരുന്ന ജനുവരി എട്ടിനും ഒമ്പതിനും ജോലിക്കു ഹാജരാകാത്ത സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ശമ്പളത്തോടു കൂടി അവധി അനുവദിച്ചത് ഹൈക്കോടതി സ്റ്റേ ചെയ്തു. ഇത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വാക്കാൽ പറഞ്ഞു.
പണിമുടക്കിയവർക്ക് കാഷ്വൽ ലീവ് ഉൾപ്പെടെ അനുവദിച്ച് ശമ്പളം നൽകാൻ ജനുവരി 31 നാണ് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്. ഇതിനെതിരെ ആലപ്പുഴ കളർകോട് സ്വദേശി ജി. ബാലഗോപാലന്റെ ഹർജിയിലാണ് കോടതി സ്റ്റേ.
പൊതുപണിമുടക്ക് നിയമപരമായി അനുവദനീയമാണെന്ന് പ്രഥമദൃഷ്ട്യാ തോന്നുന്നില്ല. നിയമപരമാണെങ്കിൽ തന്നെ അതിന്റെ പേരിൽ ജീവനക്കാർക്ക് ഒന്നടങ്കം അവധി അനുവദിച്ചുള്ള ഉത്തരവ് നൽകാനാവില്ലെന്നും ഇടക്കാല ഉത്തരവിൽ പറയുന്നു.
അവധിക്ക് ജീവനക്കാർ മുൻകൂർ അപേക്ഷ നൽകണം. അതില്ലാതെ അവധി അനുവദിച്ചതു തെറ്റായ നടപടിയാണ്. ജോലി ചെയ്തില്ലെങ്കിൽ കൂലിയുമില്ല എന്നതല്ലേ നിലപാട്. ഇതിനു വിരുദ്ധമായി ശമ്പളത്തോടു കൂടിയ അവധി നൽകുന്നത് സർക്കാർ ഫണ്ട് ചോർത്തലാണെന്ന് ഡിവിഷൻ ബെഞ്ച് വാക്കാൽ പറഞ്ഞു. ഇക്കാര്യത്തിൽ വിശദീകരണം നൽകാനും കോടതി സർക്കാരിന് നിർദ്ദേശം നൽകി.
കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ ബി.എം.എസ് ഒഴികെയുള്ള യൂണിയനുകളുടെ സംയുക്ത സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്.