ramesh-chennithala

കൊച്ചി: പിണറായി വിജയൻ സർക്കാർ ആയിരം ദിവസം പൂർത്തിയാക്കിയപ്പോൾ ആയിരംപേർക്ക് പോലും പ്രയോജനം ലഭിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഒമ്പതര കോടി രൂപ ചെലവിട്ട് തിരഞ്ഞെടുപ്പ് പ്രചാരണമാണ് സർക്കാർ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന് പാഴായ ആയിരം ദിനങ്ങൾ എന്ന പേരിൽ യു ഡി എഫ് പുറത്തിറക്കിയ ലഘുപുസ്തകത്തിന്റെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

എകപക്ഷീയമായി ഖജനാവ് കൊള്ളയടിക്കുകയാണ് സർക്കാർ ചെയ്യുന്നത്. പണം പാവങ്ങൾക്ക് വീട് നിർമ്മിക്കുവാനോ ക്ഷേമപദ്ധതികൾക്കോ ഉപയോഗിക്കാമായിരുന്നു. പരമ്പരാഗത തൊഴിലാളികൾ പട്ടിണിയിലാണ്. അക്രമരാഷ്ട്രീയം സർക്കാർ ചെലവിലായതാണ് പിണറായി സർക്കാരിന്റെ നേട്ടം. മാർക്‌സിസ്റ്റുകാരുടെ മാത്രം മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറി. കഴിഞ്ഞ സർക്കാർ ആരംഭിച്ച പദ്ധതികളല്ലാതെ സ്വന്തം നേട്ടമെന്ന് പറയാൻ പിണറായി സർക്കാരിന് എന്താണുള്ളതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

ജനങ്ങളെ കഷ്ടത്തിലാക്കിയ ആയിരം ദിനങ്ങളാണ് കടന്നുപോയതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി പറഞ്ഞു. കൊല്ലുന്നതും നിഷേധിക്കുന്നതും പ്രതികളെ ഹാജരാക്കുന്നതും കുറ്റം സമ്മതിപ്പിക്കുന്നതും പിന്നീട് നിഷേധിപ്പിക്കുന്നതും സി.പി.എമ്മാണ്. ഒന്നും നടത്താത്ത സർക്കാരാണിതെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.

മുസ്ളീംലീഗ് നേതാവ് പി.കെ. കുഞ്ഞാലികുട്ടി എം.പി, കേരള കോൺഗ്രസ് നേതാവ് ജോയ് എബ്രഹാം, ആർ.എസ്.പി. നേതാവ് എ.എ. അസീസ്, യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ, ഘടകകക്ഷി നേതാക്കളായ കെ.പി.എ. മജീദ്, ഡോ.എം.കെ. മുനീർ, ജോണി നെല്ലൂർ, ഷിബു ബേബിജോൺ, ജി. ദേവരാജൻ, സി.പി. ജോൺ തുടങ്ങിയവരും പങ്കെടുത്തു.