udf

കൊച്ചി: ലോക‌്സഭ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം), മുസ്ളിംലീഗ് കക്ഷികൾ കൂടുതൽ സീറ്റ് ആവശ്യപ്പെട്ടെങ്കിലും വിട്ടു നൽകാനാവില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി. ഇടുക്കി സീറ്റ് വേണമെന്ന കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിന്റെ നിലപാടും അംഗീകരിക്കപ്പെട്ടില്ല. കൊല്ലം സീറ്റ് ആർ.എസ്.പിക്ക് നൽകും. യു.ഡി.എഫ് ഘടകകക്ഷി നേതാക്കളുമായുള്ള പ്രാഥമിക ഉഭയകക്ഷി ചർച്ചയാണ് ഇന്നലെ കൊച്ചിയിൽ നടന്നത്.

കേരള കോൺഗ്രസ് (എം), മുസ്ളിംലീഗ്, ആർ.എസ്.പി, കേരള കോൺഗ്രസ് ജേക്കബ്, സി.എം.പി, ഫോർവേഡ് ബ്ളോക്ക്, ജനതാദൾ ജോൺ വിഭാഗം എന്നീ ഘടകകക്ഷി നേതാക്കൾ പങ്കെടുത്തു.

മുസ്ളിംലീഗുമായി മാർച്ച് ഒന്നിന് കോഴിക്കോട്ടും, കേരള കോൺഗ്രസ് മാണി വിഭാഗവുമായി മൂന്നിന് എറണാകുളത്തും അടുത്തഘട്ട ചർച്ച നടക്കും.

മുസ്ളിംലീഗ് രണ്ടു സീറ്റിലും കേരള കോൺഗ്രസ് മാണി വിഭാഗം ഒരു സീറ്റിലുമാണ് നിലവിൽ മത്സരിക്കുന്നത്. ഇരുവർക്കും സീറ്റ് കൂടുതൽ ചോദിക്കാനുള്ള അവകാശമുണ്ടെങ്കിലും നൽകാനുള്ള ബുദ്ധിമുട്ട് അവരെ ബോദ്ധ്യപ്പെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.

ചർച്ച സൗഹാർദ്ദപരമായിരുന്നു. തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടും. കൊല്ലത്തെ സ്ഥാനാർത്ഥിയെ ആർ.എസ്.പി തീരുമാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നിവരാണ് ചർച്ചകൾക്ക് നേതൃത്വം നൽകിയത്. പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. മുനീർ, കെ.പി.എ. മജീദ്, കെ.എം. മാണി, പി.ജെ. ജോസഫ്, ജോസ് കെ. മാണി, ജോയ് എബ്രഹാം, അനൂപ് ജേക്കബ്, ജോണി നെല്ലൂർ, എ.എ. അസീസ്, സി.പി. ജോൺ തുടങ്ങിയവർ പങ്കെടുത്തു. ജനമഹായാത്രയിലായതിനാൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എത്തിയില്ല. അടുത്തമാസം നാലിന് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് സമിതി യോഗം നടക്കും.