highcourt

കൊച്ചി: പാതയോരത്തെ അനധികൃത ഫ്ളക്‌സ്, പരസ്യ ബോർഡുകൾ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ മുൻകൈയെടുത്ത് പത്തു ദിവസത്തിനകം നീക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പാലിച്ചില്ലെങ്കിൽ സെക്രട്ടറിമാരും ഫീൽഡ് സ്റ്റാഫുകളും വ്യക്തിപരമായി ഉത്തരവാദികളായിരിക്കുമെന്നും ഇവരിൽ നിന്ന് താരിഫ് അനുസരിച്ചുള്ള തുകയും പിഴയും ഇൗടാക്കണമെന്നും സിംഗിൾ ബെഞ്ച് നിർദ്ദേശിച്ചു.

ആലപ്പുഴ കറ്റാനത്തെ സെന്റ് സ്റ്റീഫൻസ് മലങ്കര കത്തോലിക്കാ പള്ളിക്ക് മുന്നിലെ അനധികൃത ഫ്ളക്സ് ബോർഡുകൾ നീക്കണമെന്ന ഹർജിയിലാണ് ഇടക്കാല ഉത്തരവ്. അനധികൃത ഫ്ളക്സ് ബോർഡുകളുടെയും ഹോർഡിംഗുകളുടെയും ശല്യം അവസാനിപ്പിക്കാൻ നവംബർ 30 നാണ് ഇടക്കാല ഉത്തരവിട്ടത്. എന്നാൽ രാഷ്ട്രീയക്കാരുടെയും സിനിമകളുടെയും സ്വകാര്യ താത്പര്യക്കാരുടെയും ഫ്ളക്സുകൾ ഇപ്പോഴും പാതയോരങ്ങളിലുണ്ട്. ഇവ നീക്കാൻ ഫലപ്രദമായ നടപടിയുണ്ടായില്ല. ഇതിന്റെ ഉത്തരവാദിത്വം തദ്ദേശ സ്ഥാപനങ്ങൾക്കാണെന്ന് വ്യക്തമാക്കി സർക്കാർ കൈകഴുകി. ഉത്തരവ് നടപ്പാക്കുമ്പോൾ ഭീഷണിയുണ്ടെന്ന് ചില തദ്ദേശ സ്ഥാപനങ്ങൾ പറയുന്നു. ഇൗ സാഹചര്യത്തിൽ തദ്ദേശ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ട ഹൈക്കോടതി അമിക്കസ് ക്യൂറി റിപ്പോർട്ടു കൂടി പരിഗണിച്ച് ചില നിർദ്ദേശങ്ങൾ നൽകി.

മറ്റു നിർദ്ദേശങ്ങൾ

നീക്കം ചെയ്യുന്ന ബോർഡുകൾ പൊതു സംസ്കരണ കേന്ദ്രങ്ങളിൽ എത്തിക്കരുത്. ബോർഡുകൾ സ്ഥാപിച്ചവർക്ക് തിരിച്ചു നൽകി ഫീസ് ഇൗടാക്കണം. തദ്ദേശ സ്ഥാപനങ്ങൾ പരാതി നൽകിയാൽ പൊലീസ് ഇത്തരക്കാർക്കെതിരെ ക്രിമിനൽ കേസെടുക്കണം. അനധികൃത ഫ്ളക്സ് ബോർഡ് നിരോധനം ഉറപ്പാക്കാൻ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാരെയും നഗരകാര്യ വകുപ്പിലെ റീജിയണൽ ജോയിന്റ് ഡയറക്ടർമാരെയും നോഡൽ ഒാഫീസർമാരായി നിയമിച്ച് ഒരാഴ്ചയ്ക്കുള്ളിൽ വിജ്ഞാപനം ഇറക്കണം. മൂന്നു ദിവസത്തിനുശേഷം ഇവരുടെ ഫോൺ നമ്പരും ഇ മെയിലും വാട്ട്സ് ആപ്പ് നമ്പരും പ്രസിദ്ധപ്പെടുത്തണം.