കൊച്ചി: കൂടുതൽ സീറ്റ് വേണമെന്ന കടുംപിടുത്തം ഉപേക്ഷിക്കാൻ തയ്യാറാകാതെ വന്നതോടെയാണ് കേരള കോൺഗ്രസ് മാണി വിഭാഗവും മുസ്ളീം ലീഗുമായുള്ള കോൺഗ്രസിന്റെ ഉഭയകക്ഷി ചർച്ച പൊളിഞ്ഞത്. ഇതോടെ രണ്ടാം ഘട്ട ചർച്ചയ്‌ക്ക് തീയതി തീരുമാനിച്ച് യോഗം പിരിഞ്ഞു. മാണിയും ജോസഫും ചർച്ചയ്‌ക്ക് ഒരുമിച്ചിരുന്നെങ്കിലും മുഖത്തോട് മുഖം നോക്കിയില്ല.
ആദ്യംലീഗ് നേതൃത്വവുമായിട്ടായിരുന്നു ചർച്ച. മൂന്ന് സീറ്റ് വേണമെന്ന് ആവശ്യമുന്നയിച്ചതോടെ കൂടുതൽ കോൺഗ്രസ് എം.പിമാർ പാർലമെന്റിൽ ഉണ്ടാകേണ്ടതിന്റെ ആവശ്യകത രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും വിശദീകരിച്ചു. ലീഗ് വഴങ്ങിയില്ല. ഒരു വിട്ടുവീഴ്ചയുമില്ലെന്ന് കുഞ്ഞാലികുട്ടി വ്യക്തമാക്കിയതോടെ ചർച്ച വഴിമുട്ടി.
മാണി വിഭാഗവും ഒരു സീറ്റു കൂടി കിട്ടിയേ മതിയാകൂ എന്ന നിലപാടിലായിരുന്നു. ഒരു രാജ്യസഭാ സീറ്റു കൂടി നൽകിയതിനാൽ രണ്ടു സീറ്റായല്ലോയെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ഇനിയൊരു സീറ്റ് നൽകുന്നതിനെക്കുറിച്ച് ആലോചിക്കാൻ കഴിയില്ലെന്ന് രമേശ് ചെന്നിത്തല തുറന്നടിച്ചു. ബെന്നി ബെഹനാനും ഇതേ നിലപാടായിരുന്നു.രാജ്യസഭാ സീറ്റു നൽകിയപ്പോൾ കോൺഗ്രസിലുണ്ടായ കലാപം ഉമ്മൻ ചാണ്ടിയും ഓർമ്മിപ്പിച്ചു. നിലപാടിൽ നിന്ന് പിൻമാറാൻ തയ്യാറാകാതിരുന്നതോടെ ഈ ചർച്ചയും പരാജയമായി.
തനിക്ക് ലോക്‌സഭയിലേക്ക് മത്സരിക്കണമെന്ന് പി.ജെ. ജോസഫ് യോഗത്തിൽ വ്യക്തമാക്കിയതായാണ് വിവരം. രാജ്യസഭാ സീറ്റ് വേണമെന്നായിരുന്നു സി.എം.പിയിലെ സി.പി. ജോണിന്റെ നിലപാട്. ഇക്കാര്യങ്ങളിൽ കോൺഗ്രസ് നേതാക്കൾ മറുപടി നൽകിയില്ല.
അടുത്തമാസം മൂന്നിന് മുമ്പ് ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ച പൂർത്തിയാക്കാനാണ് ലക്ഷ്യം.നാലിന് കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് സമിതി ചേരും. അന്ന് കോൺഗ്രസ് സ്ഥാനാർത്ഥികളെക്കുറിച്ച് ചർച്ച നടക്കും.
ചർച്ച തുടരും : പി.കെ.കുഞ്ഞാലിക്കുട്ടി
ആദ്യ ഘട്ടമാണ് പൂർത്തിയായത്. ചർച്ച തുടരും.പാർട്ടി നേതൃത്വവുമായി വിശദമായി ആലോചിച്ച ശേഷമായിരിക്കും ഇനി നിലപാടെടുക്കുക.
സീറ്റ് കൂടുതൽ ചോദിച്ചതിൽ തെറ്റില്ല : ചെന്നിത്തല
ഘടക കക്ഷികൾ കൂടുതൽ സീറ്റ് ചോദിച്ചതിൽ ഒരു തെറ്റുമില്ല. അവർക്ക് അതിന് അവകാശവും അധികാരവുമുണ്ട്. യു.ഡി.എഫ് ജനാധിപത്യ മുന്നണിയാണ്. ഇടതുമുന്നണിയെ പോലെ ഏകാധിപത്യ മുന്നണിയല്ല. ഘടക കക്ഷികൾക്ക് അർഹമായ പരിഗണന നൽകും. ഒറ്റ ദിവസം കൊണ്ട് ചർച്ചകൾ പൂർത്തിയാകണമെന്നില്ല. തർക്കങ്ങളില്ലാതെ സീറ്റ് വിഭജനം പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.