books
ഒക്കൽ സഹകരണ ബാങ്ക് നൽകിയ ലൈബ്രറികൾക്കുള്ള പുസ്തക വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ നിർവഹിക്കുന്നു

പെരുമ്പാവൂർ: കൃതി അന്താരാഷ്ട്ര സാഹിത്യ വിജ്ഞാനോത്സവത്തിൽ ലൈബ്രറി പ്രവർത്തകരെ നേരിട്ട് പങ്കെടുപ്പിച്ച് ഓരോ ലൈബ്രറിക്ക് 10000 രൂപ വീതം അഞ്ച് ലൈബ്രറികൾക്കു 50000 രൂപയുടെ പുസ്തകം ഒക്കൽ സഹകരണ ബാങ്ക് നൽകി. കൃതി 2018 ൽ 20 വിദ്യാർത്ഥികളെയും ഈ വർഷം ഒക്കൽ ശ്രീ നാരായണ ഹയർ സെക്കൻഡറി സ്‌കൂളിലെയും ഒക്കൽ ഗവ. ലോവർ പ്രൈമറി സ്‌കൂളിലെ 60 വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ച് പുസ്തകം വാങ്ങിനൽകിയത് കൂടാതെയാണ് വായനശാലകൾക്കു പുസ്തകം നൽകിയത്. ഇതിനു മുമ്പും ലൈബ്രറികൾക്കു ബാങ്ക് പുസ്തകം വാങ്ങി നൽകിയിട്ടുണ്ട്. ലൈബ്രറികൾക്കുള്ള പുസ്തക വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ.ഡി. ഷാജി അദ്ധ്യക്ഷത വഹിച്ചു.

കർത്തവ്യ ലൈബ്രറി ഒക്കൽ, തച്ചയത് നാരായണൻ വൈദ്യർ മെമ്മോറിയൽ ലൈബ്രറി നമ്പിള്ളി, നവഭാരത് ലൈബ്രറി ഈസ്റ്റ് ഒക്കൽ, ജനത ലൈബ്രറി ചേലാമറ്റം, നവോദയ ലൈബ്രറി അമ്പലപ്പടി ചേലാമറ്റം എന്നീ ലൈബ്രറികൾക്കാണ് പുസ്തകം നൽകിയത്. യോഗത്തിൽ ബാങ്ക് ഭരണസമിതി അംഗങ്ങളായ പി.ബി. ഉണ്ണിക്കൃഷ്ണൻ, കെ.ആർ. ബിജു, കെ. ഡി. ജോസ്, കെ.എ. മനോഹരൻ, ബിൻസി അശോകൻ, എം.എ. അശോകൻ പഞ്ചായത്ത് അംഗം പി.എം. ജിനീഷ്, ബാങ്ക് സെക്രട്ടറി ടി.എസ്. അഞ്ജു, ലൈബ്രറി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.