കൊച്ചി: പരിശ്രമങ്ങൾക്ക് കിട്ടിയ അംഗീകാരമായാണ് പുരസ്കാരത്തെ കാണുന്നതെന്നും ഇത് ഉത്തരവാദിത്വം വർദ്ധിപ്പിക്കുന്നുവെന്നും നിമിഷ സജയൻ കേരളകൗമുദിയോട് പറഞ്ഞു. സിനിമ ചെയ്യുമ്പോൾ കഥയെക്കാൾ സംവിധായകരെയും അണിയറപ്രവർത്തകരെയുമാണ് തിരഞ്ഞെടുക്കുന്നത്. പുരസ്കാരത്തിന്റെ മുഴുവൻ ക്രെഡിറ്റും ഇരുചിത്രങ്ങളുടെയും സംവിധായകരായ സനിൽ പി. ശശിധരനും മധുപാലിനും സമർപ്പിക്കുന്നു. അവാർഡ് പ്രഖ്യാപന സമയത്ത് അമ്മയ്‌ക്കും സഹോദരിക്കും ഉറ്റസുഹൃത്തും നടിയുമായ അനു സിത്താരയ്ക്കുമൊപ്പം കാക്കനാട് വാഴക്കാലയിലുള്ള ഫ്ളാറ്റിലായിരുന്നു നിമിഷ. ചോല, കുപ്രസിദ്ധ പയ്യൻ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് നിമിഷയ്‌ക്ക് പുരസ്‌കാരം ലഭിച്ചത്. ചോലയിൽ 14 വയസുകാരിയായ സ്കൂൾ വിദ്യാർത്ഥിനിയായും ഒരു കുപ്രസിദ്ധ പയ്യനിൽ വക്കീലായും രണ്ട് തലത്തിലുള്ള കഥാപാത്രങ്ങളെയാണ് നിമിഷ അവതരിപ്പിച്ചത്.