കൊച്ചി: കൊച്ചി എസ്.ആർ.എം റോഡിലുള്ള വീട്ടിൽ രാവിലെ ഉറക്കമെഴുന്നേറ്റപ്പോഴാണ് ടെലിവിഷനിൽ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവുമായി ബന്ധപ്പെട്ട വാർത്ത സൗബിൻ സാഹിർ കാണുന്നത്. ഉച്ചയോടെ പുരസ്‌കാര പ്രഖ്യാപനമാണെന്നോ അതിൽ തന്റെ പേരുണ്ടാകുമെന്നോ ഒരു ധാരണയോ പ്രതീക്ഷയോ ഉണ്ടായിരുന്നില്ലെന്ന് പറയുമ്പോഴും സൗബിന്റെ ചിരി നിന്നിരുന്നില്ല. സുഡാനി ഫ്രം നൈജീരിയ എന്ന സിനിമ പുരസ്കാരം നേടണമെന്ന ആഗ്രഹം മാത്രമേ ചിത്രത്തിൽ അഭിനയിക്കുമ്പോൾ തനിക്കുണ്ടായിരുന്നുള്ളൂ. അഭിനയിക്കുന്നത് നല്ലതാണെന്ന് മറ്റുള്ളവർ പറഞ്ഞാൽ പോലും തനിക്ക് തിരിച്ചറിയാൻ കഴിയാറുണ്ടായിരുന്നില്ല. ആ വിശ്വാസം തന്നിൽ ഉണ്ടാക്കാനാവും ഈ പുരസ്കാരമെന്നാണ് സൗബിൻ കരുതുന്നത്. പുരസ്‌കാരം കിട്ടിയെന്ന് അറിഞ്ഞപ്പോൾ ഉമ്മയും ഭാര്യയും കരച്ചിലായിരുന്നു. നിനച്ചിരിക്കാതെ വന്ന സന്തോഷം വീട്ടുകാർക്ക് തന്നെ സമർപ്പിക്കാനാണ് സൗബിന് ഇഷ്ടം.
മികച്ച നടനായെങ്കിലും ഇതുവരെ ചെയ്തതുപോലെ വില്ലനായും നായകനായും ഹാസ്യനടനായും എന്തിന് ഒറ്റ സീനിലാണെങ്കിൽ പോലും അഭിനയിക്കുമെന്ന് സൗബിൻ ഉറപ്പിച്ചുപറയുന്നു. 2018 ന്റെ തുടർച്ചയാകട്ടെ 2019 എന്ന് ആശംസിക്കുമ്പോഴും 'ഇൻഷാ അള്ളാ" എന്നായിരുന്നു സൗബിന്റെ പ്രതികരണം.