നെടുമ്പാശേരി: ആയിരം ദിവസം കൊണ്ട് ആയിരം പേർക്ക് പോലും പ്രയോജനം ലഭിക്കാത്ത സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ്, കെ. കരുണാകരൻ സ്റ്റഡി സെന്ററിന്റെ സഹകരണത്തോടെ കുന്നുകരയിൽ നിർമ്മിച്ചു നൽകിയ സ്‌നേഹ വീടിന്റെ താക്കോൽ ദാനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പെരിയ ഇരട്ട കൊലക്കേസിൽ വ്യാജ പ്രതികളെ പൊലീസിന് മുന്നിൽ ഹാജരാക്കിയതിനാലാണ് സി.ബി.ഐ അന്വേഷണത്തെ സി.പി.എം ഭയപ്പെടുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുന്നതിനായി ഏതറ്റം വരെയും പോകാൻ കോൺഗ്രസ് തയ്യാറാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രൊഫ.കെ.വി.തോമസ് എം.പി അദ്ധ്യക്ഷനായിരുന്നു.
കുന്നുകര പഞ്ചായത്തിലെ പത്താം വാർഡിൽ താമസിക്കുന്ന സമദിനാണ് വീട് നിർമ്മിച്ച് നൽകിയത്. കെ. മുരളീധരൻ എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ എം.എ.ചന്ദ്രശേഖരൻ, വർഗ്ഗീസ് മാത്യു, കെ.ബി. മുഹമ്മദ് കുട്ടി മാസ്റ്റർ, മാത്യു കുഴൽനാടൻ, ബിന്ദു സെബാസ്റ്റ്യൻ, ഫ്രാൻസിസ് തറയിൽ, ഷിയോ പോൾ, എം.എ. സുധീർ തുടങ്ങിയവർ സംസാരിച്ചു.