thiruvananthapuram-intern

കൊച്ചി: അദാനി ഗ്രൂപ്പിന് തിരുവനന്തപുരം എയർപോർട്ടിന്റെ നടത്തിപ്പ് കൈമാറിയ നടപടി, ഇതിനെതിരായ ഹർജിയിലെ അന്തിമ തീർപ്പിന് വിധേയമായിരിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ടെൻഡർ നടപടിയിൽ അപാകതയുണ്ടെന്നും എയർപോർട്ട് നടത്തിപ്പിൽ മുൻ പരിചയമില്ലാത്ത അദാനി ഗ്രൂപ്പിന് വിമാനത്താവളം കൈമാറുന്നത് അന്യായമാണെന്നുമാരോപിച്ച് കെ.എസ്.ഐ.ഡി.സി നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.

ടെൻഡർ നടപടിയിൽ സംസ്ഥാന സർക്കാരിനായി കെ.എസ്.ഐ.ഡി.സിയും പങ്കെടുത്തിരുന്നു. എന്നാൽ ടെൻഡർ നടപടി തുടങ്ങിയശേഷം വ്യവസ്ഥകളിൽ തിരുത്തൽ വരുത്തിയെന്നും അദാനി ഗ്രൂപ്പിന് ടെൻഡർ അനുവദിച്ചത് സ്വേച്ഛാപരമാണെന്നും ഹർജിയിൽ ആരോപിക്കുന്നു. 1932ൽ തുടങ്ങിയ തിരുവനന്തപുരം വിമാനത്താവളത്തിന് 1970ലാണ് അന്താരാഷ്ട്ര പദവി ലഭിച്ചത്. 2000 മുതൽ എയർപോർട്ടിന്റെ നടത്തിപ്പിൽ സംസ്ഥാന സർക്കാർ 140 കോടിയിലേറെ രൂപ ചെലവിട്ടു. എയർപോർട്ടിന്റെ നടത്തിപ്പിന് സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ രൂപീകരിക്കുമെന്ന് കേന്ദ്ര സർക്കാർ ഉറപ്പുനൽകിയെങ്കിലും പാലിച്ചില്ല.

വിമാനത്താവള നടത്തിപ്പിനായി കേന്ദ്രസർക്കാർ ടെൻഡർ ക്ഷണിച്ചത് ഡിസംബർ 14നാണ്. എന്നാൽ ടെൻഡർ നടപടി രേഖകളിൽ അവ്യക്തതയുള്ളതിനാൽ ജനുവരി 31 വരെ തിരുത്തലുകൾ വരുത്തി. എയർപോർട്ട് കൈകാര്യം ചെയ്യുന്നതിൽ മുൻപരിചയമില്ലാത്തവർക്ക് ടെൻഡർ സമർപ്പിക്കാനാവുന്ന തരത്തിലാണ് യോഗ്യത നിശ്ചയിച്ചത്. യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് എയർപോർട്ട് അതോറിട്ടിക്ക് നൽകേണ്ട തുക കൂടുതൽ വാഗ്‌ദാനം ചെയ്‌തെന്ന കാരണത്താൽ മുൻപരിചയമുള്ളവരെ ഒഴിവാക്കിയെന്നും ഹർജിയിൽ ആരോപിക്കുന്നു.