കൊച്ചി: തിരുവനന്തപുരം ഉൾപ്പെടെ ആറ് എയർപോർട്ടുകളുടെ കൈമാറ്റം ഇന്നു നടക്കുമെന്നും സ്റ്റേ അനുവദിക്കുന്നത് കേന്ദ്ര സർക്കാരിന് നഷ്ടമുണ്ടാക്കുമെന്നും എയർപോർട്ട് അതോറിട്ടി ഒഫ് ഇന്ത്യ ഹൈക്കോടതിയിൽ വാദിച്ചു. തിരുവനന്തപുരം എയർപോർട്ടിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകിയ ടെൻഡർ നടപടികളെ ചോദ്യം ചെയ്ത് കെ.എസ്.ഐ.ഡി.സി നൽകിയ ഹർജിയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. എയർപോർട്ട് നടത്തിപ്പിൽ കെ.എസ്.ഐ.ഡി.സിക്കും മുൻപരിചയമില്ലെന്ന് കേന്ദ്ര സർക്കാരും ബോധിപ്പിച്ചു. തുടർന്നാണ് സ്റ്റേ ഒഴിവാക്കി എയർപോർട്ടിന്റെ കൈമാറ്റം ഹർജിയിലെ അന്തിമ തീർപ്പിനു വിധേയമായിരിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.
എയർപോർട്ടിലൂടെ കടന്നുപോകുന്ന ഒരു യാത്രക്കാരന് നിശ്ചിതതുകയെന്ന നിരക്കിൽ എയർപോർട്ട് അതോറിട്ടിക്ക് പണം നൽകണമെന്നാണ് ടെൻഡറിലെ വ്യവസ്ഥ. എന്നാൽ ഇതിൽ മാറ്റംവരുത്തി ആഭ്യന്തര യാത്രക്കാരൻ കടന്നുപോകുമ്പോൾ എന്നാക്കിയെന്ന് സർക്കാർ വാദിച്ചു. ഒരു ആഭ്യന്തര യാത്രക്കാരൻ കടന്നുപോകുമ്പോൾ 168 രൂപയെന്ന നിരക്കിൽ പണം നൽകാമെന്നാണ് അദാനി ഗ്രൂപ്പ് വാഗ്ദാനം ചെയ്തിട്ടുള്ളത്. അവിശ്വസനീയമായ തുകയാണിത്. സർക്കാർ പുറമ്പോക്ക് ഭൂമിയിലുള്ള എയർപോർട്ടിന്റെ ഉടമസ്ഥാവകാശം സംസ്ഥാന സർക്കാരിനാണെന്നും അഡി. എ.ജി വാദിച്ചു. എന്നാൽ ടെൻഡർ നടപടികളിൽ പങ്കെടുത്തിട്ട് ലഭിക്കാതെ വന്നതോടെയാണ് കെ.എസ്.ഐ.ഡി.സി ഹൈക്കോടതിയിലെത്തിയതെന്ന് എയർപോർട്ട് അതോറിട്ടിയും കേന്ദ്ര സർക്കാരും ആരോപിച്ചു.