തൃക്കാക്കര: നാട്ടുകാരുടെ കണ്ണുവെട്ടിച്ച് ബ്രഹ്മപുരത്ത് മാലിന്യ നിക്ഷേപം ആരംഭിച്ചു.ഇന്നലെ രാത്രിമുതലാണ് കൊച്ചി കോർപ്പറേഷൻ പ്രദേശത്തെ മാലിന്യങ്ങൾ ബ്രഹ്മപുരത്ത് എത്തിതുടങ്ങിയത്.തീ പിടിത്തത്തിന് ശേഷം കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ബ്രഹ്മപുരത്തേക്ക് മാലിന്യം കൊണ്ടുപോകുന്നത് നിർത്തിവെച്ചിരിക്കുകയായിരുന്നു. കൊച്ചി കോർപ്പറേഷൻ പ്രദേശത്തു മാലിന്യം കെട്ടിക്കിടന്നു പുഴുവരിക്കുന്ന സാഹചര്യത്തിലാണ് ചൊവ്വാഴ്ച മുതൽ മാലിന്യ നീക്കം ആരംഭിച്ചത്.ജൈവ മാലിന്യങ്ങളാണ് പ്ലാന്റിലേക്ക് കൊണ്ടുവരുന്നത്.ചൊവ്വാഴ്ച മാത്രം പത്ത് ലോഡ് മാലിന്യമാണ് ബ്രഹ്മപുരത്ത് എത്തിയത്. ഇന്നലെ 15 ലോഡും. ബ്രഹ്മപുരത്ത് മാലിന്യ വണ്ടികൾ എത്തിയാൽ തടയുമെന്ന് വടവുകോട് പുത്തൻകുരിശ് പഞ്ചായത്ത് അധികൃതർഅറിയിച്ചിട്ടുണ്ട് ..2013 ൽആയിരുന്നു ആദ്യമായി മാലിന്യ സംസ്‌കരണ പ്ലാന്റിന് തീ പിടിക്കുന്നത്.അന്ന് മാലിന്യം കൊണ്ടുവരുന്നതിനെതിരെ വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്തും,നാട്ടുകാരും വൻ പ്രതിഷേധം ഉയർത്തിയിരുന്നു.മാലിന്യ ലോറികൾ ആക്രമിക്കുന്ന സാഹചര്യം വരെയുണ്ടായതിനെത്തുടർന്ന് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചക്കൊടുവിലാണ് മാലിന്യ നീക്കം ആരംഭിച്ചത്.അന്ന് കൊച്ചി കോർപ്പറേഷൻ വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത് അധികൃതർക്കും നാട്ടുകാർക്കും കൊടുത്ത വാഗ്ദാനങ്ങൾ ഒന്നും പാലിക്കപ്പെട്ടില്ല..കേന്ദ്ര സർക്കാരിന്റെ ജനറോം പദ്ധതിയിലുൾപ്പെടുത്തി 19 കോടിയിലേറെ രൂപ ചെലവഴിച്ചാണ് കൊച്ചി നഗരസഭ ബ്രഹ്മപുരത്ത് പ്ലാന്റ് നിർമിച്ചത്.