ആലുവ: ജലസേചനത്തിനുള്ള കനാലിലെ ചോർച്ചമൂലം കൃഷിക്കാവശ്യമായ വെള്ളം പാഴാകുന്നു. തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷനിൽ നിന്നും തോട്ടുമുഖം, കീഴ്മാട്, എടയപ്പുറം ഭാഗങ്ങളിലേക്ക് കൃഷിചെയ്യാൻ കൊണ്ടുപോകുന്ന വെള്ളമാണ് നഷ്ടപ്പെടുന്നത്. പെരിയാറിൽനിന്ന് പമ്പുചെയ്യുന്ന വെള്ളം തുരുത്തിതോടിന് കുറുകെയുള്ള ഭാഗത്തെ കനാലിലെ ചോർച്ച മൂലമാണ് പുറത്തേക്കൊഴുകുന്നത്. ഈ വെള്ളം മുഴുവൻ തോട്ടിലൂടെ ഒഴുകിപ്പോകുകയാണ്. ഇതുമൂലം കർഷകർക്ക് ആവശ്യത്തിന് വെള്ളം ലഭിക്കുന്നില്ല. കനാലിനെ ആശ്രയിക്കുന്ന പ്രദേശങ്ങളിൽ കിണറുകളിൽ ജലലഭ്യതയുണ്ടാകുന്നത് കനാൽവെള്ളം വരുന്നതുകൊണ്ടാണ്. അതിനാൽ തന്നെ വലിയൊരു പ്രദേശത്ത് കുടിവെള്ളക്ഷാമവുമുണ്ട്. ഈ വിഷയത്തിൽ ജലസേചന വകുപ്പ്, കൃഷി വകുപ്പ്, പഞ്ചായത്ത് അധികൃതർ എന്നിവർ ഇടപെട്ട് വേണ്ട നടപടിയെടുക്കണമെന്ന് എഡ്രാക്ക് കീഴ്മാട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.