ആലുവ: പെരിയാറിലെ മണൽവാരൽ വിവരം നാട്ടുകാർ കൈമാറിയിട്ടും നടപടിയെടുക്കാതെ പൊലീസ്. ഇതേത്തുടർന്ന് കഴിഞ്ഞദിവസം രാത്രിയിൽ അനധികൃതമായി വാരിയ മണൽ നാട്ടുകാർ പിടിച്ചെടുത്തു. മണിക്കൂറുകൾക്ക് ശേഷം ഇരുചക്ര വാഹനത്തിലെത്തിയ പൊലീസ് പിന്നീട് നാട്ടുകാർ പിടികൂടിയ മണൽ കസ്റ്റഡിയിലെടുത്തു. ആലുവ മംഗലപ്പുഴ സെമിനാരിപ്പടിയിൽ പാലത്തിന് സമീപമാണ് വഞ്ചിയിൽ മണൽവാരിയത്. ഒരു ലോഡിലധികം മണൽവാരി കംഫർട്ട് സ്റ്റേഷന് സമീപം നിക്ഷേപിക്കുകയായിരുന്നു. വിവരമറിയിച്ചിട്ടും പൊലീസ് എത്താൻ വൈകിയതോടെ നാട്ടുകാർ സ്ഥലത്തെത്തി. ഈ സമയം മണൽവാരിയവർ വഞ്ചിയുമായി കടന്നു. തുടർന്ന് നാട്ടുകാർ മണലിന് കാവലിരുന്ന് പൊലീസ് എത്തിയപ്പോൾ കൈമാറുകയായിരുന്നു.
പെരിയാറിൽ ദേശം ഭാഗത്തോട് ചേർന്ന് മണൽവാരൽ രൂക്ഷമാണെന്ന് അറിയിച്ചിട്ടും പൊലീസ് പരിശോധന ഊർജിതമാക്കുന്നില്ലെന്ന് നേരത്തെ ആക്ഷേപം ഉണ്ടായിരുന്നു. മാസങ്ങൾക്ക് മുമ്പ് ദേശം സ്വദേശികളെയും അന്യസംസ്ഥാനക്കാരായ മണൽ വാരൽ തൊഴിലാളികളേയും പൊലീസ് പിടികൂടിയിരുന്നു. അതിനുശേഷം മണൽ വാരലിന് ശമനമുണ്ടായെങ്കിലും അടുത്തിടെ അനധികൃത മണൽവാരൽ വീണ്ടും ശക്തമായി.