രണ്ടു മാസത്തിനകം പുതിയത് നിർണയിക്കണം
കൊച്ചി: പ്രവേശന - ഫീസ് റെഗുലേറ്ററി കമ്മിറ്റി ഒരുകൂട്ടം സ്വാശ്രയ മെഡിക്കൽ കോളേജുകളുടെ ഫീസ് നിർണയിച്ചത് സമ്പൂർണയോഗം ചേർന്നല്ലെന്ന് വിലയിരുത്തി ഹൈക്കോടതി റദ്ദാക്കി. കമ്മിറ്റി രണ്ടു മാസത്തിനകം ഫീസ് നിർണയിച്ച് പുതിയ ഉത്തരവു നൽകാനും അതുവരെ നിലവിലെ ഫീസ് ഇൗടാക്കാനും ഡിവിഷൻബെഞ്ചിന്റെ വിധിയിൽ പറയുന്നു.
സ്വാശ്രയ മെഡിക്കൽ കോളേജുകളുടെ ഫീസ് നിർണയിച്ചതിൽ പോരായ്മയുണ്ടെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് കെ.എം.സി.ടി മെഡിക്കൽ കോളേജ്, ഗോകുലം മെഡിക്കൽ കോളേജ്, ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ്, അൽ അസർ മെഡിക്കൽ കോളേജ്, മൗണ്ട് സിയോൺ മെഡിക്കൽ കോളേജ്, മുസ്ളിം എഡ്യൂക്കേഷൻ സൊസൈറ്റി തുടങ്ങിയവർ നൽകിയ 26 ഹർജികളാണ് ഹൈക്കോടതി പരിഗണിച്ചത്. 2016 -2017, 2017 - 2018, 2018 - 2019 എന്നീ വർഷങ്ങളിലെ ഫീസ് നിർണയത്തെയാണ് ഹർജിക്കാർ ചോദ്യം ചെയ്തത്. 4.5 ലക്ഷം മുതൽ 5.5 ലക്ഷം രൂപവരെയാണ് കമ്മിറ്റി ഫീസ് നിശ്ചയിച്ചത്. ഫീസ് 11 ലക്ഷമായി ഉയർത്തണമെന്നായിരുന്നു ഹർജിക്കാരുടെ വാദം. കമ്മിറ്റിയിലെ രണ്ടോ മൂന്നോ അംഗങ്ങൾ ചേർന്നാണ് ഫീസ് നിർണയ ഉത്തരവുകൾ നൽകിയിരിക്കുന്നതെന്ന് ഹൈക്കോടതി വിലയിരുത്തി. എല്ലാവരും സിറ്റിംഗ് നടത്തിയിട്ടില്ല. കമ്മിറ്റി മീറ്റിംഗിൽ എല്ലാ അംഗങ്ങളും വേണമെന്ന വ്യവസ്ഥ ഡിവിഷൻബെഞ്ച് റദ്ദാക്കിയിരുന്നു. ഇതോടെ കമ്മിറ്റി അംഗങ്ങൾ എല്ലാവരും യോഗം ചേർന്ന് ഉത്തരവിറക്കേണ്ടതുണ്ട്. ആ നിലയ്ക്ക് ഫുൾ കോറമില്ലാതെ നൽകിയ ഉത്തരവുകൾ റദ്ദാക്കുകയാണെന്നും വിധിയിൽ പറയുന്നു.
എന്നാൽ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ഫീസ് നിയന്ത്രണ അധികാരം ഫീസ് റെഗുലേറ്ററി കമ്മിറ്റിക്കാണെന്നും കോളേജുകൾ നിശ്ചയിക്കുന്ന ഫീസിൽ തലവരിപ്പണം, ലാഭമുണ്ടാക്കൽ, ചൂഷണം എന്നിവയുണ്ടോയെന്ന് പരിശോധിച്ച് ഒഴിവാക്കാൻ സമിതിക്ക് അധികാരമുണ്ടെന്നും ഡിവിഷൻബെഞ്ച് വ്യക്തമാക്കി. ഫീസ് റെഗുലേറ്ററി കമ്മിറ്റിയുമായി കോളേജുകൾ സഹകരിക്കണമെന്നും ഹൈക്കോടതി വിധിയിൽ പറയുന്നു.