തൊടുപുഴ :കുഴിയില്ലാത്ത റോഡിൽ കുഴിയടച്ച പൊതുമരാമത്ത് വകുപ്പിൻ്റെ നടപടി കാരിക്കോട്- തെക്കുംഭാഗം നിവാസികളുടെ സഞ്ചാരം പ്രതിസന്ധിയാലാക്കി.
വലിയ കുണ്ടുംകുഴിയും അവഗണിച്ച് സാമാന്യം നല്ലനിലയിൽ കിടന്നറോഡ് വീണ്ടും ടാർ ചെയ്താണ് പൊതുമരാമത്ത് അധികൃതരും കരാറുകാരനും നാട്ടുകാരെയും സർക്കാരിനേയും പറ്റിച്ചത്.
രണ്ട് വർഷത്തിലേറെയായി തകർന്നു കിടക്കുന്ന കാരിക്കോട് മുതൽ തെക്കുംഭാഗം മലങ്കര ഗെയിറ്റ് വരെയുള്ള 4 കിലോമീറ്റർ റോഡ് അറ്റക്കുറ്റപ്പണിക്ക് കഴിഞ്ഞ വർഷം പൊതുമരാമത്ത് വകുപ്പ് കരാർ നൽകി. കരാറുകാരൻ കാരിക്കോട് മുതൽ ഒരു കിലോമീറ്റർ ഭാഗം മാത്രം കുഴിയടച്ചിട്ട് സ്ഥലം വിട്ടു. ബാക്കി 3 കിലോമീറ്റർ ഒന്നും ചെയ്തില്ല. പിന്നീട് കാലവർഷവും പ്രളയവുമൊക്കെ ശക്തമായതോടെ റോഡിലെ കുഴികൾ വലിയ കിടങ്ങുകളായി മാറി. ഇത്തവണയും അതേ ആൾ തന്നെ കരാർ എടുത്ത് കഴിഞ്ഞവർഷം അറ്റകുറ്റപ്പണി ചെയ്ത ഭാഗത്ത് ഒരു കിലോമീറ്റർ ദൂരത്തിൽ വീണ്ടും കുഴിടയച്ചു. അതുകഴിഞ്ഞ് പൂർണമായി തകർന്ന് കിടക്കുന്ന ഒന്നര കിലോമീറ്ററോളം ഭാഗം അവഗണിച്ച് കാര്യമായി കുഴപ്പങ്ങളില്ലാതിരുന്ന അടുത്ത 400 മീറ്റർ ഭാഗം മൊത്തമായി ടാർ ചെയ്തു.
കീരികോട് , കാപ്പിത്തോട്ടം, കല്ലാനിക്കൽ സ്‌കൂൾ ജംഗ്ഷൻ, തടിപ്പാലം , മലങ്കര ഗെയിറ്റ് തുടങ്ങിയ ഭാഗമെല്ലാം റോഡ് ഗതാഗത യോഗ്യമല്ലാതെ തകർന്നു കിടക്കുകയാണ്. ഇവിടെ നടന്നുപോകാൻ പോലും പ്രയാസമാണ്. കരാറുകാരൻ തന്നിഷ്ടപ്രകാരം ജോലി ചെയ്യുമ്പോൾ സൈറ്റിൽ പരിശോധനയ്ക്ക് പോലും ഉദ്യോഗസ്ഥർ എത്താത്തതാണ് എല്ലാ കുഴപ്പങ്ങൾക്കും കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. ചെറിയ കുഴികൾക്കുചുറ്റും വലിയ ചതുരം വരച്ച് അവിടെയെല്ലാം ടാർ പൂശി അളവ് കൂട്ടികാണിക്കുന്ന കീഴ്‌വഴക്കം പൊതുമരാമത്ത് വകുപ്പിലെ കരാറുകാരും ഉദ്യോഗസ്ഥരും തമ്മിൽ പണ്ടുതൊട്ടെയുള്ളതാണ്. എന്നാൽ കുഴിയുള്ള ഭാഗത്ത് ഒരുകുട്ട മണ്ണുപോലും ഇടാതെ നല്ല പ്രതലത്തിൽ വീണ്ടും ടാർ ചെയ്യുകയും തകർന്ന ഭാഗം രണ്ടാം വർഷവും അതേപടി നിലനിറുത്തുകയും ചെയ്ത കരാറുകാരന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും നടപടി ഏറെ വിചിത്രമായെന്നും സംഭവത്തിൽ ശക്തമായ പ്രതിഷേധമുണ്ടെന്നും നാട്ടുകാർ പറഞ്ഞു.