പീരുമേട്: അപകടാവസ്ഥയിലായ പീരുമേട് താലൂക്ക് ആശുപത്രി മോർച്ചറി കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. അഴുത ബ്ലോക്ക് പഞ്ചായത്ത് 20 ലക്ഷം രൂപ വകയിരുത്തിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. മോർച്ചറി കെട്ടിടം ഒരുവർഷം മുമ്പാണ് അപകടാവസ്തയിലായത്. ബദൽ സംവിധാനം ഇല്ലാത്തത് വലിയ പ്രതിസന്ധിയായിരുന്നു. അസ്വഭാവിക മരണങ്ങളിൽ മൃതദേഹ പരിശോധനയ്ക്കായി കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടി വന്നിരുന്നു. പൊലീസ് നടപടികൾ പൂർത്തിയാക്കാനും പോസ്റ്റുമോർട്ടം ഉൾപ്പെടെയുള്ള കാര്യങ്ങൾക്കും 16 കിലോമീറ്റർ അകലെയുള്ള വണ്ടിപ്പെരിയാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് മൃതദേഹവുമായി യാത്ര ചെയ്യേണ്ട അവസ്ഥയിലായിരുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മേഖലയിൽ തോട്ടം തൊഴിലാളികളും സാധാരണക്കാരും ആശ്രയിക്കുന്നത് ഈ ആശുപത്രിയെയാണ്. മൃതദേഹ പരിശോധനയ്ക്കുള്ള സൗകര്യം ഇല്ലാതെ വന്നതോടെ നിരവധി തവണയാണ് ഇവിടെ നിന്നും വണ്ടിപ്പെരിയാറിലും ഉപ്പുതറയിലുമുള്ള പ്രാഥമികരോഗ്യ കേന്ദ്രത്തിലും കോട്ടയം മെഡിക്കൽ കോളേജിലേക്കും മൃതദേഹവുമായി യാത്രചെയ്യേണ്ടി വന്നിട്ടുള്ളത്. ഇത് പലപ്പോഴും പ്രതിഷേധങ്ങൾക്കും വഴിവെച്ചിരുന്നു.
മോർച്ചറി കെട്ടിടത്തോട് ചേർന്ന് സ്വകാര്യവ്യക്തി നിർമ്മാണ പ്രവർത്തനങ്ങൾക്കായി മണ്ണുനീക്കം ചെയ്തതാണ് കെട്ടിടത്തിന്റെ ബലക്ഷയത്തിനു കാരണമായത്. സംരക്ഷണഭിത്തി തകർന്നതോടെ കെട്ടിടവും ഏതു നിമിഷവും നിലംപതിക്കുമെന്ന അവസ്ഥയിലായി. മോർച്ചറിയുടെ തറ ഉൾപ്പെടെ ഇളകിയ നിലയിലാണ്. ഭിത്തിയ്ക്ക് വിള്ളലും സംഭവിച്ചിട്ടുണ്ട്. കെട്ടിടം അപകടാവസ്ഥയിലാണന്നും മൃതദേഹം സൂക്ഷിക്കുവാൻ കഴിയില്ലെന്നും ആശുപത്രി അധികൃതർ അധികാരികളെ അറിയിച്ചിരുന്നു. അതോടെ സംരക്ഷണ ഭിത്തി നിർമ്മിച്ചുനൽകാൻ സ്വകാര്യവ്യക്തി സന്നദ്ധത അറിയിച്ചിരുന്നു.
കെട്ടിടം പുതുക്കി പണിയുന്നതിനും അത്യാധുനിക സൗകര്യം ഒരുക്കുന്നതിനുമാണ് ബ്ലോക്ക് പഞ്ചായത്ത് തീരുമാനിച്ചിരിക്കുന്നത്. തുടർ പദ്ധതിയായി ഇവ പൂർത്തീകരിക്കും. ടെണ്ടർ നടപടികൾ പൂർത്തിയാക്കി ആദ്യ ഘട്ട നിർമ്മാണ ജോലികൾക്കാണ് ഇപ്പോൾ തുടക്കം കുറിച്ചിരിക്കുന്നത്.