തൊടുപുഴ. പൂനെയിൽ നടന്ന ഖേലോ ഇന്ത്യ ദേശീയ ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ അണ്ടർ 21 വിഭാഗത്തിൽ അഖിൽ പി. മുരളിയും അണ്ടർ 17 വിഭാഗത്തിൽ നിഖിൽ തോമസും കേരളത്തിനുവേണ്ടി വെങ്കലമെഡൽ നേടി ഇടുക്കിയുടെ അഭിമാനതാരങ്ങളായി.
അണ്ടർ 21 വിഭാഗത്തിൽ വാശിയേറിയ സെമിഫൈനൽ പോരാട്ടത്തിൽ പഞ്ചാബിനോട് പരാജയപ്പെട്ട കേരള പുരുഷ ടീം ഉജ്ജ്വല തിരിച്ചുവരവിലൂടെ ആതിഥേയരായ മഹാരാഷ്ട്രയെ ലൂസേഴ്‌സ് ഫൈനലിൽ തോൽപ്പിച്ചാണ് മൂന്നം സ്ഥാനം കരസ്ഥമാക്കിയത്. കേരളടീമിനു വേണ്ടി നിർണായക പ്രകടനം പുറത്തെടുത്ത അഖിൽ പി. മുരളി കുട്ടിക്കാനം മരിയൻ കോളേജിലെ മൂന്നാം വർഷ ബി. ബി. എ വിദ്ധ്യാർത്ഥിയണ്. മുട്ടം ഷന്താൾജ്യോതി ബാസ്‌കറ്റ്‌ബോൾ അക്കാദമിയിൽ ഫിബ കമ്മീഷണറും കേരള ബാസ്‌കറ്റ്‌ബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായ ഡോ: പ്രിൻസ് കെ. മറ്റത്തിന്റെ കീഴിലാണ് 12 ാം ക്ലാസ് വരെ ബാസ്‌കറ്റ്‌ബോൾ പരിശീലിച്ചത്. കേരള സംസ്ഥാന ജൂണിയർ ടീമിലും എം. ജി. യൂണിവേഴ്‌സിറ്റി ടീമിലും കളിച്ചിട്ടുള്ള അഖിൽ കോളപ്ര പുത്തൻപറമ്പിൽ പി. എസ്. മുരളി - ജയ മുരളി ദമ്പതികളുടെ മകനാണ്.
അണ്ടർ 17 വിഭാഗത്തിൽ ലൂസേഴ്‌സ് ഫൈനലിൽ ഹരിയാനയെ മികച്ച പോരാട്ടത്തിലൂടെ മറികടന്ന് വെങ്കലം കരസ്ഥമാക്കിയ കേരളം സെമിഫൈനലിൽ പഞ്ചാബിനോട് പരാജയപ്പെട്ടു. കേരളത്തിനായി ഗംഭീര പ്രകടനം കാഴ്ച വച്ച നിഖിൽ തോമസ് മുട്ടം ഷന്താൾ ജ്യോതി ബാസ്‌കറ്റ്‌ബോൾ അക്കദമിയിൽ ഡോ: പ്രിൻസ് കെ. മറ്റത്തിന്റെ ശിക്ഷണത്തിലാണ് ബാസ്‌കറ്റ്‌ബോൾ അഭ്യസിക്കുന്നത്. മുട്ടം മനപ്പറമ്പിൽ എം. വി. തോമസ് - ഷേർളി തോമസ് ദമ്പതികളുടെ മകനാണ്. ഇതിനോടകം സബ്-ജൂനിയർ, യൂത്ത് വിഭാഗങ്ങളിൽ കേരളത്തെ പ്രതിനിധീകരിയ്ക്കുകയും സബ്-ജൂനിയർ വിഭാഗത്തിൽ കേരളത്തിന്റെ നായകനാകുകയും ചെയ്തിട്ടുണ്ട്.
ഇടുക്കി ജില്ലാ ബാസ്‌കറ്റ്‌ബോൾ അസോസിയേഷന്റെ നിരന്തര പ്രോത്സാഹനവും മുട്ടം ഷന്താൾ ജ്യോതി പബ്ലിക് സ്‌കൂളിന്റേയും കുട്ടിക്കാനം മരിയൻ കോളേജിന്റേയും ഉറച്ച പിന്തുണയുമാണു മികച്ച പ്രകടനം പുറത്തെടുക്കുവാനും കേരളത്തിനും ഇടുക്കിയ്ക്കും അഭിമാനമാകുവനും ഇരുവർക്കും തുണയാകുന്നത്.