നെടുങ്കണ്ടം: ഇവിടെ മാലിന്യം നിക്ഷേപിച്ചോളു..! ആ നിക്ഷേപം നാടിന് വലിയൊരു മുതൽകൂട്ടാകും. നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിലെ പൊതുനിരത്തുകളിൽ ഇനി ഇത്തരമൊരു ബോർഡുകണ്ടാലും ആരും അതിശയിക്കരുത്. കാരണം, നിരോധിച്ചാലും നിയന്ത്രിച്ചാലും നിലയ്ക്കാത്ത മാലിന്യപ്രവാഹത്തെ പണമാക്കി മാറ്റുന്ന സൂത്രവിദ്യയിൽ ഈ ഗ്രാമപഞ്ചായത്ത് വിജയം വരിച്ചിരിക്കുന്നു.
പ്ലാസ്റ്റിക് മാലിന്യം സംസ്‌കരിച്ച് ടാറിംഗ് കമ്പനികൾക്ക് വിൽപന നടത്തിയും, ജൈവ മാലിന്യത്തിൽ നിന്ന് വളം നിർമിച്ചു നൽകിയുമാണ് പഞ്ചായത്ത് വരുമാനം കണ്ടെത്തുന്നത്. കൂടാതെ മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പ്ലാന്റിന്റെ നിർമ്മാണവും പുരോഗമിക്കുകയാണ്. കേന്ദ്ര ഗ്രാമവികസന വകുപ്പിന്റെ ഗോവർധൻ പദ്ധതി പ്രകാരം നിർമാണം പൂർത്തിയായ വൈദ്യുത ഉത്പാദന യൂണിറ്റിൽ അടുത്ത മാസം മുതൽ വൈദ്യുതി ഉത്പാദനവും ആരംഭിക്കും. അതോടെ മാലിന്യ -നിക്ഷേപ- മെന്ന പ്രയോഗം ഇവിടെ അന്വർത്ഥമാവുകയാണ്. ആറു മാസംകൊണ്ട് സംസ്കരിച്ചെടുത്ത പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്ന് മാത്രം ഒരുലക്ഷം രൂപ പഞ്ചായത്ത് വരുമാനമുണ്ടാക്കി. ഒരുലക്ഷം എന്നത് വലിയൊരു തുകയല്ലെങ്കിലും കുപ്പയിലെ മാണിക്യമാകുമ്പോൾ അതിൻ്റെ മൂല്യമേറെയാണ്. നാടിന് ശാപമാകേണ്ടിയിരുന്ന പ്ലാസ്റ്റിക്കൽ നിന്നാണ് ഈ വരുമാനവും കണ്ടെത്തിയത്. എങ്കിലും വരുമാനത്തിലുപരി മാലിന്യ സംസ്‌കരണത്തിന് തന്നെയാണ് പഞ്ചായത്ത് പ്രാധാന്യം നൽകുന്നതെന്ന് സെക്രട്ടറി പി.വി ബിജു പറഞ്ഞു.
പ്രതിദിനം ഒരു ടൺ മാലിന്യമാണ് പഞ്ചായത്തിൻ്റെ ചുമതലയിൽ സംസ്‌കരിക്കുന്നത്. മാലിന്യമുക്ത നെടുങ്കണ്ടം പദ്ധതിയുടെ ഭാഗമായി ഓരോ വാർഡിലെയും ഹരിത കർമ്മസേനാംഗങ്ങൾ വീടുകൾ, ആശുപത്രികൾ, ഹോട്ടലുകൾ, സ്‌കൂളുകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും മാലിന്യം ശേഖരിച്ച് പ്ലാസ്റ്റിക് ഖര ജൈവം എന്നിങ്ങനെ വേർതിരിച്ച് ബോഡി മെട്ടിലുള്ള പ്ലാന്റിലെത്തിച്ച് സംസ്‌കരിക്കുകയാണ്. ഇവ ക്ലീൻ കേരള കമ്പനി വഴി ടാറിങ് കമ്പനികൾക്ക് വിൽപന നടത്തിയാണ് വരുമാനം നേടുന്നത്. ജൈവമാലിന്യത്തിൽ നിന്ന് ജൈവവളം നിർമിച്ച് മിതമായ നിരക്കിൽ കർഷകർക്ക് വിതരണവും ചെയ്യുന്നുമുണ്ട്. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള ഏഴ് ഗ്രാമപഞ്ചായത്തുകളിലെ പ്ലാസ്റ്റിക് മാലിന്യം കൂടി ബേഡ്‌മെട്ടിൽ സംസ്‌കരിക്കുന്നുണ്ട്.
പഠിച്ചപണി പതിനെട്ടും പയറ്റി
പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കരുതെന്ന മുന്നറിയിപ്പുകൾ പലവട്ടം നൽകി, മാലിന്യം കുമിഞ്ഞുകൂടിയാൽ ഉണ്ടാകാവുന്ന പാരിസ്ഥിതിക ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിച്ചു. ഒന്നും ഫലം കാണാതെ വന്നപ്പോൾ ചാരപ്പണിപോലും പ്രോത്സാഹിപ്പിച്ചു നോക്കി. പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നവരുടെ വീഡിയോ ചിത്രങ്ങൾ എടുത്ത് നൽകുന്നവർക്ക് പാരിതോഷികമായി പണം വാഗ്ദാനം ചെയ്തുകൊണ്ടുള്ള ബോർഡുകളും നാട്ടിലെമ്പാടും സ്ഥാപിച്ചു. അതുകൊണ്ടും രക്ഷയില്ലെന്ന് വന്നപ്പോഴാണ് മാലിന്യത്തിനുപിന്നിൽ ഒളിഞ്ഞിരിക്കുന്ന നിക്ഷേപത്തിൻ്റെ സാധ്യതകൾ കണ്ടെത്താൻ പഞ്ചായത്ത് നിർബന്ധിതരായത്.
18000 കിലോ ഉടൻ വിൽപ്പനയ്ക്ക്
8000 കിലോ ജൈവവളവും 10,000 കിലോ പ്ലാസ്റ്റിക് മാലിന്യവും ഇപ്പോൾ വില്പനക്ക് തയ്യാറായിട്ടുണ്ട്.
6 മാസം കൊണ്ട് ലക്ഷംരൂപ
ആറു മാസംകൊണ്ട് സംസ്കരിച്ചെടുത്ത പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്ന് മാത്രം ഒരുലക്ഷം രൂപ പഞ്ചായത്ത് വരുമാനമുണ്ടാക്കി