വണ്ടിപ്പെരിയാർ: അപകടത്തിൽ മരിച്ച ഗവേഷണ വിദ്യാർത്ഥിയുടെ സ്വന്തമായൊരു വീട് എന്നസ്വപ്നം സഫലീകരിച്ച് സുഹൃത്തുക്കളും, അദ്ധ്യാപകരും മാതൃകയാകുന്നു.
2017 ജനുവരിയിൽ തിരുവനന്തപുരത്തുണ്ടായ വാഹനാപകടത്തിൽ മരിച്ച വണ്ടിപ്പെരിയാർ സ്വദേശി അജിത്ത് കുമാർ (36) എന്ന ഗവേഷണ വിദ്യാർത്ഥിയുടെ കുടുംബത്തിനാണ് സുഹൃത്തുക്കളും, അദ്ധ്യാപകരും വിട് നിർമ്മിച്ച് നൽകുന്നത്. ഇന്ന് ഉച്ചക്ക് 2ന് 62 മൈലിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി എംഎം മണി വീടിന്റെ താക്കോൽ അജിത്ത് കുമാറിന്റെ മാതാവ് അഖിലാണ്ഡത്തിന് കൈമാറും. കാര്യവട്ടം കാമ്പസിലെ സുഹൃത്തുക്കളായ വിദ്യാർത്ഥികളും അദ്ധ്യാപകരും, വണ്ടിപ്പെരിയാറ്റിലെ സുഹൃത്തുക്കളും ചേർന്നാണ് വീട് പൂർത്തിയാക്കിയത്. മൂന്ന് സെന്റ് സ്ഥലം വിലയ്ക്കുവാങ്ങി ജർമൻ ടെക്‌നോളജി ഉപയോഗിച്ചുള്ള വീടാണ് നിർമിച്ചിരിക്കുന്നത്. നേരത്തെ രണ്ട് ലക്ഷത്തോളം രൂപ സമാഹരിച്ച് ഇവരുടെ കുടുംബത്തിന് നൽകിയിരുന്നു . വർഷങ്ങൾക്ക് മുമ്പ് പിതാവ് പനീർസെൽവം മരിച്ചുപോയി. തോട്ടം തൊഴിലാളിയായ മാതാവ് അഖിലാണ്ഡത്തിന്റെ ചെറിയ വരുമാനത്തിലായിരുന്നു അജിത്തിന്റെ വിദ്യാഭ്യാസം പുരോഗമിച്ചത്. ജീവിതം ഒരുകരയ്ക്ക് എത്തിയ ശേഷം മാതാവും, സഹോദരങ്ങളും ഉൾപ്പെടുന്ന കുടുംബത്തെ സംരക്ഷിക്കണം എന്ന ഉദ്ദേശത്തോടെ കഠിന പരിശ്രമത്തിലായിരുന്നു അജിത്ത് കുമാർ. ജനസഖ്യാ പഠനത്തിൽ ഗവേഷണ പ്രബന്ധം സമർപ്പിക്കാൻ ഒരുങ്ങുന്നതിനിടെയാണ് എല്ലാം തട്ടിത്തെറിപ്പിച്ച് മരണം എത്തിയത്. അജിത് കുമാറും സുഹൃത്തും സഞ്ചരിച്ച ബൈക്കിൽ കെ എസ് ആർ ടി സി ബസ് ഇടിക്കുകയായിരുന്നു. 5 വർഷക്കാലത്തോളം അജിത്ത് നടത്തിയ ഗവേഷണങ്ങൾ പുസ്തകമാക്കി പ്രസിദ്ധീകരിക്കാനുള്ള ഒരുക്കത്തിലുമാണ് സുഹൃത്തുക്കൾ. മാതാവിൻ്റെ പേരിൽ വണ്ടിപ്പെരിയാർ സർവ്വീസ് കോ- ഓപ്പറേറ്റീവ് ബാങ്കിൽ 1,75,000 രൂപ അഞ്ച് വർഷത്തേക്ക് സ്ഥിരനിക്ഷേപമായും നൽകിയിട്ടുണ്ട്. ഇതിനു പുറമെ മാതാവിൻ്റെ കണ്ണിന് ചികിത്സയ്ക്കും, സഹോദരിയുടെ മക്കൾക്ക് തുടർപനത്തിനുമുള്ള സഹായങ്ങളും സുഹൃത്തുക്കൾ നൽകും. ആറര ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് വീട് പൂർത്തീകരിച്ചത്. കോളേജിൽ ത്രീസ് ഫുട്‌ബോൾ മത്സരവും ഭക്ഷ്യമേള നറുക്കെടുപ്പും നടത്തിയും ഇതിലേക്ക് പണം സമാഹരിച്ചിരുന്നു.