ചെറുതോണി : ഇടുക്കി നിയോജക മണ്ഡലത്തിൽ നിന്നും നിർദ്ദേശിച്ചിട്ടുള്ള പ്രവർത്തികളിൽ 50 കോടിരൂപയുടെ പദ്ധതികൾക്ക് ബജറ്റിൽ പ്രൊവിഷൻ ലഭിച്ചതായിറോഷി അഗസ്റ്റിൻ എം.എൽ.എ അറിയിച്ചു. വഞ്ചിക്കവലയിൽ മിനി സിവിൽ സ്റ്റേഷൻ, കട്ടപ്പന കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ നിർമ്മാണം, കട്ടപ്പന ഐ.എച്ച്.ആർ.ഡി കോളേജ് കെട്ടിട നിർമ്മാണം, കഞ്ഞിക്കുഴി ഗവ. ഐ.ടി.ഐകെട്ടിട നിർമ്മാണം, ചെറുതോണി ടൗൺ നവീകരണം, മുരിക്കാശേരി-കമ്പിളികണ്ടം റോഡ്, മൂലമറ്റം-കോട്ടമല റോഡ്, മുരിക്കാശേരി- ചിന്നാർ റോഡ്, ചെറുതോണി- വാഴത്തോപ്പ്- മണിയാറൻകുടി റോഡ്, പാറത്തോട് ടൗൺ-ഇരുമലക്കപ്പ്- ചിന്നാർ നിരപ്പ്- ചെമ്പകപ്പാറ റോഡ്, തോപ്രാംകുടി-മേലേചിന്നാർ റോഡ്, മരയ്ക്കാനം-മാങ്ങാപ്പാറ റോഡ്, മുരിക്കാശേരി ബൈപാസ് റോഡ്, സ്‌കൂൾ ജംഗ്ഷൻ- തേക്കിൻതണ്ട് റോഡ്, ഇടുക്കി-ശാന്തിഗ്രാം റോഡ്, കീരിത്തോട്- ഏഴാംകൂപ്പ്- ആറാംകൂപ്പ്- കഞ്ഞിക്കുഴി റോഡ്, മാലി-മേട്ടുക്കുഴി റോഡ്എന്നീ പ്രവർത്തികളാണ് ബജറ്റിൽ പ്രൊവിഷൻ നൽകിയിട്ടുള്ളത്. കൂടുതൽ പ്രവർത്തികൾ ഉൾപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ചിരുന്നെങ്കിലും 50 കോടിരൂപയുടെ പ്രവർത്തികൾ മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
ദൈർഘ്യമേറിയ റോഡുകളുടെ നിർമ്മാണം കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുമെന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളത്. നിലവിൽ ഭരണാനുമതി ലഭിച്ചിട്ടുള്ള 50 കോടിരൂപയുടെ പ്രവർത്തികൾക്കു പുറമേയാണ് അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള പ്രവർത്തികളിൽ മേൽപറഞ്ഞ റോഡുകൾ ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രളയ ബാധിത പഞ്ചായത്തുകളുടെ പുനർ നിർമ്മാണത്തിനായി ബജറ്റിൽ അനുവദിച്ചിട്ടുള്ള പദ്ധതി പ്രകാരം നിയോജക മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടേയും കാർഷിക മേഖലയുടേയും പുനരുദ്ധാരണം സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രളയ ബാധിത മേഖലയെന്ന പ്രത്യേക പരിഗണനയിൽ കൂടുതൽ തുക അനുവദിക്കണമെന്നഭ്യർത്ഥിച്ച് ധനകാര്യ മന്ത്രിക്ക് നിവേദനം നൽകുമെന്നും റോഷി അഗസ്റ്റിൻ എം.എൽ.എ പറഞ്ഞു.